മലയാള സിനിമകള്‍ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞതോടെ യുട്യൂബ് റിലീസിംഗ് വ്യാപകമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അമ്പതോളം ചിത്രങ്ങളാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ഒരുപാട് വർഷങ്ങളായ ചിത്രങ്ങൾ പോലും വാങ്ങാൻ യൂട്യൂബ് ചാനലുകൾ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. യൂട്യൂബിൽ സിനിമകൾ അപ്ലോഡ് ചെയ്യുന്ന കമ്പനികൾ മലയാളത്തിൽ വളരെ സജീവമാണ്. നേരത്തെ ഉണ്ടായിരുന്ന കമ്പനികളും പുതിയ സംരംഭകരും ഈ രംഗത്ത് ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നു. വരുമാനം നിർമ്മാതാക്കളും യൂട്യൂബ് ചാനലുകളും പങ്കിട്ടെടുക്കുന്ന രീതിയിലാണ് സിനിമകൾ വാങ്ങുന്നത്.
ധ്യാൻ ശ്രീനിവാസന്റെ ചിത്രം ചീന ട്രോഫി അടുത്തിടെ വില്ല എന്ന ചാനൽ അപ്ലോഡ് ചെയ്തിരുന്നു. 1.5 കോടി പേരാണ് ചുരുങ്ങിയ ദിനം കൊണ്ട് ചിത്രം കണ്ടത്. ഓ ടി ടി യിൽ വിറ്റു പോകാതിരുന്ന ചിത്രം യൂട്യൂബിൽ വന്നതോടെ നിർമ്മാതാവിന് അത്യാവശ്യം വരുമാനം ലഭിച്ചു. ചിത്രത്തിന്റെ പ്രസക്തഭാഗങ്ങൾ ചെറിയ ക്ലിപ്പുകൾ ആയി ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഇടുന്നതു വഴി പരസ്യ വരുമാനം ലഭിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 50ലേറെ ചിത്രങ്ങളാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. തീയറ്ററിൽ കാര്യമായ തരംഗം സൃഷ്ടിക്കാത്ത ചിത്രങ്ങൾ പോലും യൂട്യൂബിൽ കാണാൻ ആളുണ്ടെന്നത് യൂട്യൂബ് ചാനലുകൾ വഴി സിനിമ റിലീസ് ചെയ്യുന്നതിന് കൂടുതൽ സാധ്യത നൽകുന്നു.