അജിത് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം വിഡാമുയര്‍ച്ചിയുടെ ലിറിക് വീഡിയോ റിലീസ് ചെയ്തു. പത്തിക്കിച്ച് എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അമോഘ് ബാലാജിയും വിഷ്ണു എടവനും ചേർന്നാണ്. അനിരുദ്ധ് രവിചന്ദറും യോഗി ശേഖറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഫെബ്രുവരി 6നാണ് വിഡാമുയര്‍ച്ചി തിയറ്ററുകളിൽ എത്തുന്നത്. ജനുവരി 16ന് ആയിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. ഒരു ക്ലാസ് ആക്ഷന്‍ ചിത്രത്തിന്റെ പരിചരണത്തില്‍ ഹോളിവുഡ് ചിത്രത്തിന്റെ ശൈലിയിലാണ് ചിത്രം ഒരുക്കിയതെന്നാണ് ട്രെയിലർ നൽകിയ സൂചന. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പൊങ്കൽ റിലീസ് തീരുമാനിച്ച ചിത്രം പിന്നീട് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.
തൃഷയാണ് ചിത്രത്തിലെ നായിക, അര്ജുന് സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മഗിഴ് തിരുമേനിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഇപ്പോൾ ഒരു വര്‍ഷത്തിലധികം ആയി. അസെര്ബെയ്ജാനില് വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെടുകയായിരുന്നു. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം തുനിവ് ആണ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍ ആയിരുന്നു.