വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം സുപ്രധാന ഉത്തരവുകളിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നു. ട്രംപ് തന്റെ പ്രസംഗത്തിൽ യുഎസ് മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. അതോടൊപ്പം രാജ്യത്ത് സ്ത്രീ- പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന വാക്കിൽ നിന്ന് ട്രാൻസ്ജെൻഡേഴ്സിനെ നിരാകരിക്കുന്ന ട്രംപിന്റെ നയം വ്യക്തമാണ്.
അമേരിക്കയുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു എന്നും ഈ ദിവസം മുതൽ നമ്മുടെ രാഷ്ട്രം ആദരിക്കപ്പെടുമെന്നും അമേരിക്കയെ ഒന്നാമതാക്കിക്കൊണ്ട് സമൃദ്ധവും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയാണ് പ്രഥമകാര്യം എന്നും ട്രംപ് വ്യക്തമാക്കി. ഞാൻ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടതിന് ഒരു കാരണമുണ്ട്. അത് അമേരിക്കയെ വീണ്ടും കരുത്തുറ്റതാക്കുക എന്നുള്ളതാണ്. അധികാരമേറ്റത്തിന് പിന്നാലെ നടപ്പാക്കാൻ പോകുന്ന ഉത്തരവുകളെപ്പറ്റിയും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു. അതോടൊപ്പം ബൈഡന്റെ മുൻ സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. രാജ്യത്ത് അനധികൃത കുടിയേറ്റക്കാർക്ക് സംരക്ഷണം ഒരുക്കുകയും വിദേശ അതിർത്തികളുടെ പ്രതിരോധത്തിന് പണം നൽകി എന്നും അതിർത്തികൾ പ്രതിരോധിക്കാൻ വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്നും ട്രംപ് വിമർശിച്ചു.