തിരുവനന്തപുരം: വിതുരയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി റബർ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. വിതുര പഞ്ചായത്തിലെ മണലി വാർഡിൽ കൊമ്പ്രാൻകല്ല് പെരുമ്പറാടി ആദിവാസി മേഖലയിൽ തടതരികത്ത് ശിവാ നിവാസിൽ ശിവാനന്ദൻ കാണി(46) ആക്രമണത്തിന് ഇരയായത്. ഇന്ന് പുലർച്ചെ ടാപ്പിംഗ് തൊഴിലിനു പോയപ്പോഴാണ് അപകടം ഉണ്ടായത്.
ശിവാനന്ദനെ കണ്ട ആന ചവിട്ടുകയും പിന്നാലെ തുമ്പിക്കൈ കൊണ്ട് ദൂരേയ്ക്ക് വലിച്ചെറിയുകയുമായിരുന്നു. ശിവാനന്ദന് മുഖത്ത് മുറിവും, വാരിയെല്ലിന് പൊട്ടലും, നെഞ്ചിൽ ക്ഷതവുമേറ്റു. നിലവിളികേട്ട് കൂടെ ജോലി ചെയ്യുകയായിരുന്നുവർ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. നാലുമക്കളാണ് ശിവാനന്ദന്, ഭാര്യ വാസന്തി ഒരു വർഷത്തിനു മുമ്പ് മരണപ്പെട്ടു.