പാലക്കാട്: അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിദ്യാര്‍ഥിക്കെതിരായ അധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് പൊലീസ്. മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞിരുന്നു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് കുട്ടിയുടെ ഏറ്റുപറച്ചിൽ. തെറ്റ് പറ്റിയതാണെന്നും തനിക്ക് ഈ സ്കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്കാന് ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫോൺ പിടിച്ചുവെച്ചതിനായിരുന്നു വിദ്യാർത്ഥിയുടെ കൊലവിളി. പാലക്കാട് ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഇതിനെച്ചൊല്ലി പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്.