മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്റെ ആയുധ നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം.
ജവഹർ നഗർ ഏരിയയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്സ് ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സെക്ഷനിലാണ് അപകടമുണ്ടായത്. സ്ഫോടന ശബ്ദം 5 കിലോമീറ്ററോളം അകലെയുവരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരെ നാഗ്പൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ എല്ലാവരുടെയും നില ഗുരുതരമാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
മഹാരാഷ്ട്ര സർക്കാർ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുൻപ്, 2024 ജനുവരിയിലും ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായിരുന്നു തുടർന്ന് ഒരാൾ മരിക്കുകയും ചെയ്തു. ആവർത്തിക്കുന്ന ഈ അപകടങ്ങളിലൂടെ നിർമാണശാലയുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ടെന്നും സമഗ്ര അന്വേഷണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.