തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ കൂടി അനുവദിച്ചതായി സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതോടെ, ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി അനുവദിച്ച മൊത്തം തുക 22 കോടി രൂപയായി. നഗരപ്രദേശങ്ങളിൽ കഴിയുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്കുകൾ വഴി സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗൺസലിംഗ്, പാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്ക് സേവനങ്ങൾ എന്നിവ നൽകുന്നതാണ് ഈ പദ്ധതി. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും വ്യാപിപ്പിച്ചു കഴിഞ്ഞ പദ്ധതി മൂന്ന് ബ്ലോക്ക് പഞ്ചായത്തിലും കൂടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സയ്ക്കൊപ്പം മാനസികോല്ലാസം നൽകുന്ന പരിപാടികൾ, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയും വയോമിത്രം പദ്ധതി വഴി നടപ്പാക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്നതായും മന്ത്രി വ്യക്തമാക്കി. വയോമിത്രം പദ്ധതി അടക്കമുള്ള മുതിർന്ന പൗരന്മാർക്കായുള്ള ക്ഷേമപദ്ധതികൾ വിജയകരമായ നടത്തിപ്പിലാക്കിയതിനാണ് സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിന്റെ വയോശ്രേഷ്ഠ സമ്മാൻ പുരസ്കാരം ലഭിച്ചത്.