കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്ക് താല്കാലിക വിരാമം. തല്ക്കാലം നേതൃമാറ്റമില്ലെന്നും കെ സുധാകരന് തല്ക്കാലം തുടരുമെന്നുമാണ് ഹൈക്കമാന്റിന്റെ അറിയിപ്പ്.
കെ സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ തുടരവേയാണ് ഹൈക്കമാന്റിന്റെ തീരുമാനം. കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഒരു ഭാഗത്ത് പുരോഗമിക്കവേയാണ് സുധാകരൻ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
അവഹേളിച്ച് ഇറക്കിവിട്ടാല്‍ എം പി സ്ഥാനം രാജിവെക്കുമെന്നായിരുന്നു സുധാകരന്റെ പ്രഖ്യാപനം. ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്നെ ഒഴിക്കാന്‍ ശ്രമം നടക്കുന്നുവെന്നും നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നുമാണ് കെ സുധാകരന്റെ പ്രതികരണം. താന്‍ ഒരു സ്ഥാനത്തും കടിച്ചുതൂങ്ങിനില്ക്കില്ലെന്നും എന്നാല്‍ അവഹേളിച്ച് ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും എം പി സ്ഥാനമടക്കം രാജിവെക്കുമെന്നുമാണ് സുധാകരന് നേതാക്കളെ അറിയിച്ചത്. കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയാൽ എം പി സ്ഥാനം രാജിവച്ചൊഴിയുമെന്ന സുധാകരന്റെ ഭീഷണി ഫലം കണ്ടു.
അങ്ങിനെയൊരു നടപടിയുണ്ടായാല്‍ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാവമെന്ന് തിരിച്ചറിഞ്ഞ എ ഐ സി സി നേതൃത്വം ഹൈക്കമാന്റുമായി കൂടിയാലോചിച്ച് തല്ക്കാലം സംഘടനാ പുന:സംഘടന നീട്ടിവെക്കുകയായിരുന്നു. സ്ഥാനമാറ്റം സംബന്ധിച്ച് എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ കെ സുധാകരനുമായി സംസാരിച്ചിരുന്നു. സ്ഥാനമൊഴിയുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിക്കാതിരുന്ന കെ സുധാകരന് തീരുമാനം മാറ്റിയതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ഇടപെടലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ സുധാകരന് സ്ഥാനമൊഴിയണമെന്ന് എനിക്കോ, പ്രതിപക്ഷനേതാവിനോ അഭിപ്രായമില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇന്നലെ വന്നതിന് തൊട്ടുപിന്നാലേയാണ് ഹൈക്കമാന്റ് നിലപാട് പുറത്തുവന്നത്.
സുധാകരനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുനയത്തിലൂടെ വേണം മാറ്റിനിര്ത്താനെന്നും പകരം അദ്ദേഹത്തിന് ചില ഓഫറുകള്‍ നല്‍കാനും പാര്‍ട്ടി ഉന്നത നേതൃത്വം ആലോചനകള്‍ നടത്തിയിരുന്നു.
തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശന് വിരുദ്ധപക്ഷവും ശക്തമായിരിക്കയാണ്.
കേരളത്തിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ രൂക്ഷമാണെന്നും എന്ത് നിലപാട് സ്വീകരിച്ചാലും വലിയ പ്രതിസന്ധിയാണ് ഉണ്ടാവുകയെന്നുമാണ് ദീപാദാസ് മുന്‍ഷി ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് നേതാക്കള്‍ കെ പി സി സി അധ്യക്ഷനെ മാറ്റുന്നതില്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
കെ പി സി സി അധ്യക്ഷനെ മാറ്റുന്നതടക്കമുള്ള പുനസംഘടനയില്‍ നേതൃത്വത്തിലേക്ക് വരാനായി നിരവധി പേരാണ് രംഗത്തുള്ളത്. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നീ എം പിമാര്‍ കെ പി സി സി അധ്യക്ഷനാവാനായി രംഗത്തുണ്ട്. ഈഴവ പരിഗണനയില്‍ തന്നെ കെ പി സി സി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് ഡല്‍ഹിയില്‍ തമ്പടിച്ചിട്ടുണ്ട്. കൊടിക്കുന്നിലും ഹൈക്കമാന്റിനെ സമീപിച്ച് തനിക്ക് കെ പി സി സി അധ്യക്ഷസ്ഥാനത്തിന് എന്തുകൊണ്ടും അഹര്‍തയുണ്ടെന്ന് ആവര്‍ത്തിച്ചിരിക്കയാണ്. ഇതോടെയാണ് ദീപാദാസ് മുന്‍ഷി വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ക്ക് തയ്യാറായത്.
യുവ നേതൃത്വം കെ പി സി സി ക്ക് ഉണ്ടാവണമെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. അങ്കമാലി എം എല്‍ എ റോജി എം ജോണിനേയും മാത്യു കുഴല്‍നാടനേയും ഷാഫി പറമ്പിലിനേയും പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ മറ്റു ചില നേതാക്കളും ഡല്‍ഹിയില്‍ എത്തി. ഇതോടെ അത്ര എളുപ്പമാവില്ല പുന സംഘടന എന്ന് ഹൈക്കമാന്റിനും വ്യക്തമായി.
നേതൃമാറ്റം ധ്ൃതിപിടിച്ച് നടപ്പാക്കിയാല്‍ അത് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്കുള്ള തിരിഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് വഴിവെക്കുമോ എന്നും ഹൈക്കമാന്റ് ഭയന്നു. ഇതാണ് കെ സുധാകരന് തല്ക്കാലം അധ്യക്ഷ സ്ഥാനത്ത് തുടരട്ടേ എന്നു തീരുമാനിക്കാന്‍ കാരണമായത്.
സുധാകരന് എം പി സ്ഥാനം വച്ച് ബി ജെ പി പാളയത്തിൽ അഭയം തേടിയാല്‍ അത് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ തന്നെ വലിയ തിരിച്ചടിയാവുമെന്ന തിരിച്ചറിവിലാണ് തീരുമാനം പെട്ടെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷമാറ്റത്തിലുള്ള ചര്‍ച്ചയ്ക്ക് വിരാമമിടാന്‍ തീരുമാനമായത്.