പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പോലീസ് . സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റാണ് പരാതിക്കാധാരം. ജനുവരി 23നായിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. അന്നേ ദിവസം രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്നു കുറിച്ചിരുന്നു.
പിന്നാലെ രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുൽ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതിയായി പങ്കുവച്ച ഓഗസ്റ്റ് 18നാണ് നേതാജിയുമായി വിയറ്റ്നാമിലെ ടുറെയ്നിൽ നിന്നു പുറപ്പെട്ട വിമാനം തായ്പേയിലെ തയ്ഹോക്കു വിമാനത്താവളത്തിൽനിന്ന് ഇന്ധനം നിറച്ചു പറന്നുയരവേ തകർന്നു വീണതായി പറയപ്പെടുന്നത്.