കൊച്ചി: ഇന്ത്യക്കാർ വിദേശത്ത് വെച്ച് വിദേശിയെ വിവാഹം ചെയ്താൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇവിടെ രജിസ്റ്റർ ചെയ്യാൻ ആവില്ലെന്ന് ഹൈക്കോടതി. അതിന് ഫോറിൻ മാരേജ് ആക്ട് പ്രകാരം വേണ്ട നടപടിക്രമങ്ങൾ ആണ് വേണ്ടതെന്നും കോടതി പറഞ്ഞു. 2014 ഇൻഡോനേഷ്യയിൽ വിവാഹിതരായ തൃശ്ശൂർ സ്വദേശി വിപിനും ഇൻഡോനേഷ്യക്കാരിയായ മാദിയ സുഹാർത്തികയും നൽകിയ ഹർജിയിൽ തീർപ്പ് നൽകിയാണ് കോടതിയുടെ ഉത്തരവ്.
നാട്ടിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്ട്രേഷൻ അപേക്ഷ നൽകിയിട്ടും അത് സാധിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. വിവാഹം നടന്നത് ഇൻഡോനേഷ്യയിലെ സിവിൽ നിയമപ്രകാരമാണെന്നും ഫോറിൻ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ ഉള്ളവരും ആണ് സ്പെഷ്യൽ മാരേജ് ആക്ടിന്റെ പരിധിയിൽപ്പെടുന്നത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ വിദേശത്ത് വിവാഹം നടത്തിയാൽ ഫോറിൻ മാരേജ് ആക്ടാണ് ബാധകം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്ട്രേഷൻ നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഫോറിൻ മാരേജ് ആക്ട് പ്രകാരം ഹർജിക്കാർക്ക് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കാൻ കോടതി നിർദ്ദേശിച്ചു. ഇൻഡോനേഷ്യയിലെ ഇന്ത്യൻ എംബസിയിലെ മാരേജ് ഓഫീസർക്ക് ഓൺലൈനിൽ അപേക്ഷ നൽകണമെന്നും അങ്ങനെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം എന്നും കോടതി നിർദ്ദേശം നൽകി.