എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ മനംനൊന്ത് പതിനഞ്ചുക്കാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടി സാമന്ത. ‘#JusticeForMihir’ എന്ന് മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ അമ്മ എഴുതിയ കുറിപ്പും സാമന്ത പോസ്റ്റ് ചെയ്തിരുന്നു. ‘ഈ വാര്‍ത്ത എന്നെ ആകെ തകര്‍ത്തു! ഇത് 2025 ആണ്. എന്നിട്ടും, വെറുപ്പും വിഷവും നിറഞ്ഞ കുറച്ചു പേര് ചേര്‍ന്ന് ഒരാളെ നാശത്തിലേക്ക് തള്ളിവിട്ടതിനാല്‍ നമുക്ക് മറ്റൊരു ശോഭനമായ യുവജീവിതം കൂടി നഷ്ടപ്പെട്ടു.’ എന്നായിരുന്നു സാമന്ത കുറിച്ചത്.
‘നമുക്ക് നമ്മുടെ കുട്ടികളെ സഹാനുഭൂതിയും ദയയും പഠിപ്പിക്കാം, ഭയവും വിധേയത്വവും വേണ്ട. മിഹിറിന്റെ മരണം ഒരു ഉണര്‍വ് വരുത്തണം. അവനുവേണ്ടിയുള്ള നീതി അര്‍ത്ഥമാക്കുന്നത് മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇതേ വേദന സഹിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. അത്രമാത്രം നമ്മള് അവനോട് കടപ്പെട്ടിരിക്കുന്നു’ സാമന്ത കൂട്ടിച്ചേര്‍ത്തു.
നേരത്തെ നടി അനുമോള്‍ ഉള്‍പ്പെടെയുള്ള താരങ്ങളും സമാനമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. കുട്ടികളെ ആദ്യം പഠിപ്പിക്കേണത് സഹാനുഭൂതി ആണെന്നും വീടുകളിലും സ്കൂളുകളിലും സഹാനുഭൂതിയാണ് കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് എന്നായിരുന്നു വിഷയത്തിൽ നടൻ പൃഥ്വിരാജിന്റെ കുറിപ്പ്.