തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി 2നും 3നും (02/02/2025 & 03/02/2025) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണ താപനിലയെക്കാൾ 2°C മുതൽ 3°C വരെ വർദ്ധിക്കാമെന്നാണ് റിപ്പോർട്ട്. കൂടാതെ, ഉയർന്ന താപനിലയും ഈർപ്പമുള്ള അന്തരീക്ഷവും ചൂടിനും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഉയർന്ന ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. ജാഗ്രതാ നിർദേശങ്ങൾ: ഉയർന്ന ചൂട്, സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
– രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവുക.
– ദാഹമില്ലാത്തവരായാലും നിർബന്ധമായും ശുദ്ധജലം കുടിക്കണം.
– നിർജലീകരണം ഉണ്ടാക്കാൻ സാധ്യതയുള്ള മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് കൂള്ഡ്രിങ്ക് എന്നിവ പരമാവധി ഒഴിവാക്കുക.
– ഇളം നിറത്തിലുള്ള, സുക്ഷ്മമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
– പുറത്തേക്ക് പോകുമ്പോൾ പാദരക്ഷകൾ കൂടാതെ കുടയോ തൊപ്പിയോ കൂടി ഉപയോഗിക്കുക.
– പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ORS ലായനി, സംഭാരം എന്നിവ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക.
– മാർക്കറ്റുകൾ, വാണിജ്യസ്ഥാപനങ്ങൾ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തി മുൻകരുതൽ നടപടികൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
ഉയർന്ന ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.