വാഷിംഗ്ടൺ: കാനഡയ്ക്കെതിരായ അമേരിക്കയുടെ ഇറക്കുമതി തീരുവ ഉടൻ നടപ്പാക്കില്ല. ഒരു മാസത്തേക്ക് നടപ്പാക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ട്രൂഡോ ഉറപ്പുനൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മെക്സിക്കോയ്ക്കും യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം ഇറക്കുമതിതീരുവയെയും താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. യു.എസ് അതിർത്തിയിലെ കുടിയേറ്റ പ്രശ്നം നിയന്ത്രിക്കാൻ മെക്സിക്കോ 10,000 സൈനികരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം ഉറപ്പുനൽകിയതിനെത്തുടർന്നാണ് തീരുമാനം. കൂടാതെ, യു.എസിൽ നിന്ന് മെക്സിക്കോയിലേക്ക് തോക്കുകടത്തുന്നതു തടയാൻ നടപടിയെടുക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയെന്ന് അവർ പറഞ്ഞു.അമേരിക്കയുടെ ഇറക്കുമതിതീരുവ നടപടിക്ക് മറുപടിയായി കാനഡ, യു.എസ് ഉത്പന്നങ്ങൾക്ക് പുതിയ നികുതി ചുമത്താൻ തീരുമാനിച്ചിരുന്നു. 3000 കോടി കനേഡിയൻ ഡോളർ (1.8 ലക്ഷം കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങളുടെ പട്ടിക കാനഡയിലെ ധനമന്ത്രി ഡൊമിനിക് ലേബ്ലാങ്ക് പുറത്തുവിട്ടിരുന്നു. മദ്യം, വീട്ടുപകരണങ്ങൾ, തോക്കുകൾ, പാലുത്പന്നങ്ങൾ, പഴം, പച്ചക്കറി, വസ്ത്രങ്ങൾ എന്നിവയടക്കമുള്ള ഉത്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ശനിയാഴ്ചയാണ് ഡൊണാൾഡ് ട്രംപ് കാനഡയും മെക്സിക്കോയും ലക്ഷ്യമിട്ടുള്ള 25 ശതമാനം ഇറക്കുമതിതീരുവ ഉത്തരവിൽ ഒപ്പുവച്ചത്. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തലും തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ചാണ് നടപടി. ചൈനയ്ക്കെതിരെയും 10 ശതമാനം അധിക തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. തുടർന്ന്, 25 ശതമാനം നികുതി യുഎസ് ഉത്പന്നങ്ങൾക്ക് ചുമത്തുമെന്ന് കാനഡയും പ്രഖ്യാപിക്കുകയായിരുന്നു.