കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കാനായി ആമേസോണും വിദേശ വ്യാപാര ഡയറക്ടറേറ്റും (ഡിജിഎഫ്ടി) തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നു. 2023 നവംബറില്‍ ഒപ്പുവച്ച ധാരണാപത്രത്തെ അടിസ്ഥാനമാക്കിയാണിത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ ജില്ലകള്‍ കയറ്റുമതി കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം.
പുതിയ സഹകരണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകള്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതിയ്ക്ക് ആവശ്യമായ പിന്തുണ നല്‍കും. സന്തോഷ് സാരംഗി (അഡീഷണല്‍ സെക്രട്ടറി, ഡിജിഎഫ്ടി ഡയറക്ടര്‍ ജനറല്‍), ചേതന്‍ ക്രിഷ്ണസ്വാമി (വൈസ് പ്രസിഡന്റ്, പബ്ലിക് പോളിസി, ആമേസോണ്), ഭൂപേന് വാകങ്കര് (ഡയറക്ടര്‍ ഗ്ലോബല്‍ ട്രേഡ്, അമേസോണ്‍ ഇന്ത്യ) എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം പുതുക്കിയത്.
വിപുലീകരിച്ച സഹകരണത്തിലൂടെ ഇന്ത്യയുടെ ഇ-കൊമേഴ്സ് കയറ്റുമതി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിരവധി പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 47 ജില്ലകളിലുടനീളം പ്രത്യേക പരിശീലന പരിപാടികള്‍, ഡിജിഎഫ്ടിയുടെ ട്രേഡ് കണക്ട് പോര്‍ട്ടലില്‍ ആമേസോണിന്റെ എക്സ്പോര്‍ട്ട് നാവിഗേറ്റര്‍ ടൂളിന്റെ ഏകീകരണം, എംഎസ്എംഇകള്‍ക്കായുള്ള പ്രാദേശിക ഓഫ്ലൈന് നെറ്റ്വര്‍ക്കുകളായ എക്സ്പോര്‍ട്ട് കമ്മ്യൂണിറ്റികളുടെ അവതരണം എന്നിവ ഉള്‍പ്പെടുന്നു.
ഈ സഹകരണത്തിലൂടെ വിവിധ ഇവന്റ് ഫോര്‍മാറ്റുകള്‍ പ്രയോജനപ്പെടുത്തി എംഎസ്എംഇകള്‍ക്ക് ഉല്‍പ്പന്ന നിര്‍ദ്ദേശവും കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള നിര്‍ദേശം ലഭ്യമാക്കുകയും ആമേസോണിന്റെ ആഗോള പ്രാധാന്യവും ഇ-കൊമേഴ്സ് കയറ്റുമതിയിലുള്ള അറിവും ഡിജിഎഫ്ടിയുടെ പ്രാദേശിക വൈദഗ്ധ്യവും യോജിപ്പിച്ച് ഈ പദ്ധതി ഇന്ത്യന്‍ വില്‍പ്പനക്കാര്‍ക്ക് അന്താരാഷ്ട്ര വിപണികളില്‍ പുതിയ അവസരങ്ങള്‍ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇത് കയറ്റുമതി കൂട്ടാനും പ്രാദേശിക ബിസിനസുകള്‍ക്ക് ഊന്നല്‍ കൊടുക്കാനുമുള്ള സര്‍ക്കാരിന്റെ നയങ്ങളുമായി ചേര്‍ന്ന് പോകുന്നു.
ആദ്യ വര്‍ഷ സഹകരണത്തിന്റെ ഭാഗമായി ഡിജിഎഫ്ടിയും ആമേസോണും രാജ്യത്തെ 20 ജില്ലകളില്‍ ഇ-കൊമേഴ്സ് കയറ്റുമതി പ്രോത്സാഹന പരിപാടികളുടെ ഒരു പരമ്പര സംഘടിപ്പിച്ചിരുന്നു. 2023 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ സംഘടിപ്പിച്ച പരിപാടികളില്‍ 3000ലധികം എംഎസ്എംഇകള്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതിയും ആമേസോണ് ഗ്ലോബല്‍ മാര്‍ക്കറ്റ്പ്ലേസുകളില്‍ വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങളെ സംബന്ധിച്ച് അമേസോണ്‍ പ്രതിനിധികള്‍ നിര്‍ദേശവും നല്കി.
ഈ പരിപാടികള്‍ക്ക് ശേഷം താല്‍പ്പര്യമുള്ള വില്‍പ്പനക്കാര്‍ക്ക് ആമേസോണ് പിന്തുണ വാഗ്ദാനം ചെയ്തു. ഓണ്‍ബോര്‍ഡിംഗ് പ്രക്രിയയില്‍ അവരെ സഹായിക്കുകയും ആവശ്യമായ രേഖകള്‍ ലഭിക്കുന്നതിനും നിബന്ധനകള്‍ പാലിക്കുന്നതിനും ലിസ്റ്റിംഗ്, പരസ്യ പിന്തുണ ലഭിക്കുന്നതിനും യഥാര്‍ത്ഥ മൂന്നാം കക്ഷി സേവന ദാതാക്കളുമായി അവരെ ബന്ധപ്പെടുത്തുകയും ചെയ്തു.
ആമേസോണുമായുള്ള തുടര്‍ച്ചയായ സഹകരണം ഓരോ ജില്ലയെയും കയറ്റുമതി കേന്ദ്രമാക്കുന്നതിനുള്ള നിര്‍ണായകമായ ഒരു നീക്കമാണ്. തങ്ങളുടെ ആദ്യത്തെ വിജയകരമായ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ എംഎസ്എംഇകള്‍ക്ക് ആഗോള വിപണികളിലേക്ക് കടക്കുന്നതിന് 47 ജില്ലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ 3000ലധികം എംഎസ്എംഇകള്‍ക്ക് ഗുണം ലഭിച്ചിട്ടുണ്ട്.
2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്ന് 200-300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതി സാധ്യമാക്കുക എന്ന തങ്ങളുടെ ലക്ഷ്യവുമായി ഇത് പൂര്‍ണമായും ഒത്തുപോകുന്നു. ഇത് ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ നിന്നു മികച്ചത് ലോകത്തിന് കാണിച്ച് കൊടുക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സന്തോഷ് സാരംഗി പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകളെയും സംരംഭങ്ങളെയും പിന്തുണച്ച് ശക്തമായ ആഗോള ബിസിനസുകള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ മൊത്തം കയറ്റുമതിക്ക് സംഭാവന നല്‍കുകയും ചെയ്യുന്നതിന് ഡിജിഎഫ്ടിയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. 2023-ല്‍ ആരംഭിച്ച സഹകരണം മികച്ച നേട്ടങ്ങള്‍ നല്കിട്ടുണ്ട്. ഈ വര്‍ഷം 47 ജില്ലകളിലേക്ക് ശ്രദ്ധ നല്കാന് ആഗ്രഹിക്കുന്നു.
2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള ആകെ 80 ബില്യണ്‍ ഡോളര്‍ ഇ-കൊമേഴ്സ് കയറ്റുമതി എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍, എല്ലാ വലുപ്പത്തിലുമുള്ള ബിസിനസുകള്‍ക്ക് കയറ്റുമതി കൂടുതല്‍ ലളിതവും, ലഭ്യവുമാക്കാനുമാണ് ആമേസോണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആമേസോണ് ഇന്ത്യയിലെ ഡയറക്ടര്‍ ഗ്ലോബല്‍ ട്രേഡ് ആയ ഭൂപേന് വാകങ്കര് പറഞ്ഞു.