പ്രയാഗ്രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. കൂടാതെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തുകയും ചെയ്തു. അമ്മയ്ക്കൊപ്പമാണ് വിജയ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി പ്രയാഗ് രാജിൽ എത്തിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നേരത്തെ മലയാള സിനിമാ താരങ്ങളായ ജയസൂര്യയും സംയുക്തയും പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പമാണ് ജയസൂര്യ പ്രയാഗ്രാജിലെത്തിയത്. അവരുടെ ചിത്രങ്ങളും നടൻ പങ്കുവെച്ചിരുന്നു. ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങൾ സംയുക്തയും പങ്കുവെച്ചിരുന്നു. വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്റെ അര്‍ഥം വ്യക്തമാകുന്നതെന്ന് ചിത്രത്തിന് താഴെ സംയുക്ത കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേള. ഏകദേശം 40 കോടി ജനങ്ങൾ ഇതുവരെ കുംഭമേളയിൽ പങ്കെടുത്തുവെന്നാണ് കണക്കുകൾ.