ദിനം പ്രതി വന്യ ജീവികളുടെ ആക്രമണം സംസ്ഥാനത്ത് കൂടി വരുകയാണ്. ഇന്നലെയും ഇന്നുമായി തന്നെ സംസ്ഥാനത്ത് മൂന്ന് പേർക്കാണ് വന്യ ജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് . കഴിഞ്ഞ ഒന്നരവർഷത്തിനിടെ വന്യ ജീവികളുടെ ആക്രമണത്താൽ ജീവൻ നഷ്ട്ടപ്പെട്ടവരുടെ കണക്ക് എടുത്ത് നോക്കുകയാണെങ്കിൽ അത് ഞെട്ടിക്കുന്നതാണ്. ഒന്നരവർഷത്തിനിടെ 11 പേരാണ് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്.
പടമല അജീഷിന്റെ മരണം ഒഴികെ മറ്റെല്ലാം വനത്തിലോ, കാടതിർത്തിയിലോ ആണ് സംഭവിച്ചിട്ടുള്ളത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. ഒന്നര മാസത്തിനിടെ ഒന്നെന്ന കണക്കിൽ ആണ് ഈ മരണങ്ങൾ എന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം. 2023 ഓഗസ്റ്റ് 13. തോൽപ്പെട്ടി ബേഗൂരിലെ ചെറിയ സോമൻ കാട്ടാന ആക്രമണത്തിൽ മരിച്ചു. വനത്തിൽ ആടിനെ മേയ്ക്കുന്നതിനിടയിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. ഇതേ വർഷം തന്നെ സെപ്റ്റംബറിൽ വനം വകുപ്പിലെ താൽക്കാലിക വാച്ചറായ തങ്കച്ചനും കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂടാതെ രണ്ട് താത്കാലിക വനം വാച്ചർമാർ ജോലിക്കിടെയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.