സിപിഎം കഴിഞ്ഞാൽ ഇടതുമുന്നണിയിലെ പ്രബലമായ പാർട്ടിയാണ് സിപിഐ. ഒരുകാലത്ത് സിപിഎം പോലും പിറവികൊള്ളുന്നത് സിപിഐയിൽ നിന്നുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന സിപിഐയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് 32 പേര് ഇറങ്ങി പോന്നതോടെയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് പിളര്‍പ്പ് യാഥാര്‍ത്ഥ്യമായത്. പരസ്പരം ചേരിതിരിഞ്ഞെങ്കിലും പിന്നീട് സിപിഐയും സിപിഎമ്മും സഹോദര ഇടതുകക്ഷികളായി. അന്നത്തെ ഭരണകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പാണ് കമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന്റെ ഒരു കാരണമെങ്കില്‍, ആ നിലപാട് ഇന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു ഘടകം കേരളത്തിലെ സിപിഎം ആയിരിക്കും. അതിന്റെ മുഖ്യ വക്താവ് പിണറായി വിജയനും.
കോൺഗ്രസുമായുള്ള സമീപനത്തെ ചൊല്ലിയായിരുന്നു പല ഘട്ടങ്ങളിലും സിപിഎമ്മും സിപിഐയും പരസ്പരം ഉടക്കിയിട്ടുണ്ടായിരുന്നത്. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് സിപിഎം പറയുമ്പോൾ ദേശവ്യാപക സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസെന്നും രാജ്യത്ത് രാഷ്ട്രീയ ബദലുണ്ടാക്കാൻ കോൺഗ്രസ് അനിവാര്യമാണെന്നും സിപിഐ പറഞ്ഞുവെക്കുന്നു. പൊതുവേ രാജ്യത്ത് ഇടതു പാർട്ടികൾ ദുർബലമായി വരുമ്പോഴും കേരളത്തിൽ സിപിഐയും സിപിഎമ്മും നേതൃത്വം നൽകുന്ന ഇടതുമുന്നണി തുടർച്ചയായി അധികാരത്തിൽ വീണ്ടും എത്തുകയായിരുന്നു.
കേരളത്തിൽ തന്നെ ഇടതു പാർട്ടികളുടെ സ്വാധീനം എടുത്തു പരിശോധിച്ചാൽ സിപിഎം മാത്രം വളരുകയും സിപിഐ ഉൾപ്പെടെയുള്ള ബാക്കിയെല്ലാവരും ദുർബലമാവുകയും ചെയ്യുന്ന സ്ഥിതി കാണാനാകും. ഒരുകാലത്ത് കേരളത്തിലെ വലിയ ആൾക്കൂട്ടങ്ങൾ ആയിരുന്നു സിപിഐ എങ്കിൽ ഇന്ന് സിപിഎമ്മിനോട് ചേർന്ന് നിലകൊള്ളുന്ന ഇത്തിൾ കണ്ണി മാത്രമാണ് സിപിഐ. അവരുടെ വിദ്യാർഥി യുവജന സംഘടനകളെ സിപിഎം തകർത്തു തരിപ്പണം ആക്കി എന്ന് പറയാം.
സിപിഐയുടെ യുവജന വിദ്യാർത്ഥി സംഘടനകൾ സജീവമായി പ്രവർത്തിക്കുന്ന ജില്ലയാണ് കൊല്ലം. കൊല്ലത്ത് നിരവധി എഐഎസ്എഫ് എഐവൈഎഫ് പ്രവർത്തകരെയാണ് സിപിഎം ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചിട്ടുള്ളത്. സിപിഐയുടെ വിദ്യാർത്ഥി സംഘടനയ്ക്ക് സ്വാധീനമുള്ള കേരള സർവകലാശാലയിൽ എസ്എഫ്ഐ അവരെ ഒപ്പം കൂട്ടാറില്ല. മാത്രവുമല്ല പല ക്യാമ്പസുകളിലും എസ്എഫ്ഐയും എഐഎസ്എഫും നേരിട്ടാണ് മത്സരവും. ഒന്നാം പിണറായി സർക്കാരിൽ സിപിഐക്ക് കുറച്ചെങ്കിലും കാര്യങ്ങളിൽ അഭിപ്രായങ്ങൾ എടുക്കാനെങ്കിലും കഴിയുമായിരുന്നെങ്കിൽ രണ്ടാം പിണറായിക്കാലത്ത് യാതൊരു വിലയും സിപിഐക്കില്ല. സർക്കാർ കൊണ്ടുവരുന്ന പല തീരുമാനങ്ങളിലും വിമത സ്വരം ഉയർത്തുന്നതിൽ സിപിഎമ്മിന് സിപിഐയോട് ഇപ്പോൾ നല്ല കലിപ്പുമാണ്.
പാലക്കാട് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെ സിപിഐ പ്രതിരോധത്തിലാക്കിയിരുന്നു. തീരുമാനത്തോട് യാതൊരുവിധത്തിലും യോജിക്കുവാൻ കഴിയില്ലെന്ന സമീപനമായിരുന്നു സിപിഐ സ്വീകരിച്ചിരുന്നത്. മന്ത്രി എം ബി രാജേഷ് സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചിട്ടും സിപിഐ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുകയും ചെയ്തില്ല. സർക്കാരിനെതിരെ കൂടുതൽ രൂക്ഷമായി രംഗത്ത് വരികയും ചെയ്തു. സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പ് പദ്ധതി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ഭൂമി കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയും കമ്പനിയുടെ അപേക്ഷ നിരസിക്കുകയും ചെയ്തു. ഇത് സിപിഎമ്മിനെ കൂടുതൽ പ്രകോപിപ്പിക്കുന്നതായിരുന്നു. ബ്രൂവറിയ്ക്ക് പിന്നാലെ സ്വകാര്യ സർവ്വകലാശാല ബില്ലിലും മന്ത്രിസഭ അംഗീകാരം നൽകുമ്പോഴും സിപിഐ ഇടഞ്ഞു തന്നെയാണ്.
സിപിഐയുടെ വിദ്യാർഥി സംഘടന എഐഎസ്എഫ് സർക്കാരിനെതിരെ സമര പ്രഖ്യാപനം ഉൾപ്പെടെ നടത്തുന്ന സാഹചര്യമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സിപിഐയും സിപിഎമ്മും തമ്മിൽ വലിയതോതിലുള്ള തർക്കം ഉടലെടുത്തിരുന്നു. സിപിഐ മത്സരിച്ച തൃശ്ശൂരും വയനാടും മാവേലിക്കരയിലും സിപിഎം വേണ്ടത്ര പണിയെടുത്തിട്ടില്ലെന്ന് ആയിരുന്നു സിപിഐ വിലയിരുത്തിയത്. തൃശ്ശൂരിൽ ആകട്ടെ എഡിജിപി അജിത് കുമാറിന്റെ പല ഇടപെടലുകളും ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയെന്ന് സ്ഥാനാർത്ഥിയായിരുന്ന സിപിഐ നേതാവ് സുനിൽകുമാർ പോലും വ്യക്തമാക്കിയിരുന്നു.
വയനാട്ടിൽ മണ്ഡല രൂപീകരണത്തിന് ശേഷം ഏറ്റവും കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന് മൊകേരിക്ക് നേടാനായത്. പ്രചാരണ വേളയില്‍ സിപിഎം പ്രവര്‍ത്തകരുടെ മുഴുവന്‍ ശ്രദ്ധയും പാര്‍ട്ടി സമ്മേനങ്ങളിലായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. മതന്യൂനപക്ഷങ്ങളോടുള്ള സിപിഎം നയംമാറ്റത്തിലും സിപിഐ വിയോജിപ്പ് ഉയർത്തിയിരുന്നു. അതേപോലെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടാനുള്ള കാരണം സിപിഎം നേതാക്കളുണ്ടാക്കിയ അനാവശ്യവിവാദങ്ങളാണെന്നായിരുന്നു സിപിഐ വിലയിരുത്തൽ.
മൂന്നാമതും തുടർഭരണം ലക്ഷ്യം വച്ച് മുന്നോട്ടുപോകുന്ന സിപിഎമ്മിന് സിപിഐയുടെ പല നിലപാടുകളും തലവേദനയാണ്. അതുകൊണ്ടുതന്നെ അടുത്ത തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ പരമാവധി സിപിഐയെ അവഗണിച്ചു മുന്നോട്ടു പോകുവാൻ ആണ് സിപിഎമ്മിന്റെ തീരുമാനം. അതിനായി സിപിഐയുടെ കൈവശമുള്ള കൂടുതൽ സീറ്റുകളിൽ അടുത്ത തവണ സിപിഎം മത്സരിച്ചേക്കും. സിപിഐയുടെ ശക്തിയെ പൂർണമായും ഇല്ലാതാക്കി ഉന്മൂലനം ചെയ്തു ഇനി മുന്നണിക്ക് പുറത്തേക്ക് പോയാലും അത് ഒരുതരത്തിലും ബാധിക്കാത്ത രീതിയിൽ ആക്കുകയാണ് സിപിഎം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം നടത്തുന്ന ഈ നീക്കങ്ങളെ പറ്റി സിപിഐക്ക് കൃത്യമായ ധാരണയുണ്ട്. അപ്പോഴും മുന്നണിമാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുന്നത്. അതേസമയം, ഇടതുപക്ഷത്ത് തിരുത്തൽ വരുത്തി മുന്നോട്ടുപോവാൻ പാർട്ടി ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. കോൺഗ്രസും സിപിഐയുടെ കാര്യത്തിൽ വലിയ ആവേശം ഒന്നും കാണിക്കുന്നില്ല. അതിന് പിന്നിൽ മറ്റൊരു കാരണമുണ്ട്. സിപിഎം ഇല്ലാത്ത സിപിഐ കേരളത്തിൽ ഒരിടത്തും വിജയിക്കില്ലെന്ന് കോൺഗ്രസിന് നന്നായി അറിയാം. മാത്രവുമല്ല അവർ കൂടി വന്നാൽ എവിടുന്ന് സീറ്റെടുത്ത് കൊടുക്കാനാണ്. ഉള്ള സീറ്റുകൾ തന്നെ തികയാത്ത സ്ഥിതിയാണ് യുഡിഎഫിനുള്ളിൽ.