തിരുവനന്തപുരം: കോട്ടയം ഗവണ്മെന്റ് നേഴ്സിങ് കോളേജില്‍ വിദ്യാര്‍ഥി ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരായ പ്രതികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും നിയമപോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിനു വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീയും സെക്രട്ടറി പി.എം.ആര്‍ഷോയും അറിയിച്ചു.
അതിക്രൂരമായ റാഗിങ്ങിന് നേതൃത്വം നല്കി വിദ്യാര്ഥികള്ക്കെതിരേ സംസ്ഥാന സര്‍ക്കാരും പോലീസും കടുത്ത നടപടി സ്വീകരിക്കാന്‍ തയാറാവണമെന്നും എസ്.എഫ്.ഐ. പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
എസ്.എഫ്.ഐയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വിദ്യാര്‍ത്ഥികള്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടാല്‍ എന്തായി തീരുമെന്നതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം ഗവണ്മെന്റ് നേഴ്സിങ് കോളേജിലെ റാഗിംഗ് സംഭവം. നേഴ്സിങ് കോളേജിലെ ജനറല്‍ നേഴ്സിങ് വിഭാഗത്തിലാണ് റാഗിങ് നടന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന അരാഷ്ട്രീയ ഗ്യാങ് ആരംഭിച്ചതിന് ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ അരാഷ്ട്രീയവത്കരണവും അതിനെ തുടര്‍ന്നുള്ള അരാജകവത്കരണവും അതിവേഗതയിലാണ് നടക്കുന്നത്. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ബഹുഭൂരിപക്ഷം മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിറ്റ് രൂപീകരിക്കാന്‍ പോലും അരാഷ്ട്രീയ ഗ്യാങ്ങുകളും, അവരെ പ്രോത്സാഹിപ്പിക്കുന്ന ചില അധ്യാപകരും അനുവദിക്കാറില്ല.
ഇത്തരം ക്യാമ്പസുകളില്‍ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും ഇടപെടലുകളും നടക്കണം. ദിവസങ്ങള്‍ക്ക് മുമ്പാണ് എറണാകുളം ഗ്ലോബല്‍ പബ്ളിക് സ്കൂളിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഇതേ ആഴ്ചയില്‍ തന്നെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മറ്റൊരു റാഗിംഗ് വാര്‍ത്ത പുറത്തു വന്നത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നടക്കാത്ത കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നത് എന്താണ് എന്നതിനെ സംബന്ധിച്ച് പൊതുസമൂഹം ഇനിയെങ്കിലും ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം.
റാഗിംഗ് വാര്‍ത്തയും അതിനെ തുടര്‍ന്നുള്ള കുറച്ച് ദിവസങ്ങളിലെ ചര്‍ച്ചകളും കഴിഞ്ഞാല്‍ പതിയെ എല്ലാം മറക്കുകയാണ് പൊതുസമൂഹം. ഇത് ഇത്തരം ക്രൂരത ചെയ്യാന്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. കേരളത്തില്‍ ഇന്നേവരെ രജിസ്റ്റര്‍ ചെയ്ത റാഗിംഗ് കേസുകളില്‍ എത്ര പേര് ശിക്ഷിക്കപ്പെട്ടു എന്ന് മാത്രം പരിശോധിച്ചാല്‍ മതി. ബഹുഭൂരിപക്ഷം റാഗിംഗ് കേസുകളും കോടതിക്ക് പുറത്ത് വെച്ച് പറഞ്ഞു തീരുകയാണ്. ഇതും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അരാഷ്ട്രീയ കൂട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നു.