തിരുവനന്തപുരം: കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ നിരപരാധിയെന്ന് ക്ലര്‍ക്ക് സനല്‍. ലീവെടുത്തത് മറ്റുചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും സനല്‍ പറഞ്ഞു. വിദ്യാർത്ഥിയുടെ മരണവിവരം അറിയുന്നത് പൊലീസ് വിളിച്ചപ്പോഴാണെന്നും സനൽ പറഞ്ഞു. മനഃപൂർവ്വം തന്നെ കുറ്റാരോപിതനാക്കിയാൽ അതിനെ നേരിടുമെന്നും സനൽ കൂട്ടിച്ചേർത്തു.
‘മരിച്ച വിദ്യാര്‍ത്ഥി ഇന്നലെ ഓഫീസില്‍ എത്തി സീല്‍ എടുത്തിരുന്നു. അധ്യാപിക പറഞ്ഞിട്ടാണ് സീല്‍ എടുക്കുന്നതെന്ന് ബെന്‍സണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സീല്‍ എടുക്കേണ്ട കാര്യമില്ലാത്തതിനാല്‍ ഞാന്‍ തടഞ്ഞു. ഇതോടെ വിദ്യാര്‍ഥി എന്നോട് ദേഷ്യപ്പെട്ടു. എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. വിദ്യാര്‍ത്ഥി ഏത് ക്ലാസിലാണെന്നോ പേര് എന്താണെന്നോ അറിയില്ല’, സനല്‍ പറഞ്ഞു.
ഓഫീസില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലായെന്നും സംഭവത്തെ പറ്റി വിശദീകരണം ക്ലര്‍ക്കിനോട് തേടുമെന്നും പ്രിന്‍സിപ്പല്‍ പ്രീത ആര് ബാബു പറഞ്ഞിരുന്നു. ഓഫീസില്‍ തര്‍ക്കം ഉണ്ടായതായി കുട്ടിയാണ് പറഞ്ഞതെന്നും ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ക്ലര്‍ക്കിനോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ക്ലര്‍ക്ക് മറുപടി ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ക്ലര്‍ക്ക് ഇന്ന് അവധിയാണെന്നും വിശദീകരണം തേടുമെന്നും പ്രീത വ്യക്തമാക്കി. ഇന്ന് രാവിലെ കാട്ടാക്കടയിലെ കുറ്റിച്ചലില്‍ പരുത്തിപ്പള്ളി വിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് സ്കൂളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.