കോഴിക്കോട്: കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്ക് ക്ഷേത്രം നഷ്ടപരിഹാരം നൽകണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാട്ടാന പരിപാലനചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശം ഉണ്ടെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
വെടിക്കെട്ടുമായി ബന്ധപ്പെട്ട് ശ്രദ്ധയുണ്ടായോ എന്ന കാര്യവും സംശയമെന്ന് റിപ്പോർട്ടിൽ പരാമർശം. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ട്. കാരണം, അവരാണ് എഴുന്നള്ളിപ്പിനുള്ള അന്തിമമായ അധികാരം നല്‍കേണ്ടത്. നിലവില്‍ കോടതി നിര്‍ദേശവും നിയമവും പാലിച്ച് മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ശശീന്ദ്രന് പറഞ്ഞു.
കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് വളരെ നിഷ്പക്ഷമായി നടക്കുമെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ കാര്യത്തില്‍ ക്ഷേത്രം ഭാരവാഹികള്‍തന്നെ ആവശ്യമായ ശ്രദ്ധയും പരിരക്ഷയും നല്‍കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആന വിരളാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.