ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേള കുറച്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരവധി ആളുകളും കുംഭമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം കാത്ത് പലയിടങ്ങളിലായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതെസമയം 75 ദിവസമാണ് മുന്‍വര്‍ഷങ്ങളില്‍ കുംഭമേള നടന്നിരുന്നതെന്നും അഖിലേഷ് യാദവ് ഓര്‍മപ്പെടുത്തി.കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന ആളുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുന്നുണ്ട്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്കുമൂലം പ്രയാഗ്രാജിലേക്കുള്ള റോഡില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് പ്രയാഗ്രാജ് സംഘം റെയില്‍വേ സ്റ്റേഷന് താത്കാലികമായി അടച്ചിടുന്നതായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ മാസം കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച കണക്ക് വെളിപ്പെടുത്താന്‍ ഇതുവരെ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
75 ദിവസമാണ് മുന്‍ വര്‍ഷങ്ങളില്‍ കുംഭമേള നടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം ഇത് 45 ദിവസമായി കുറച്ചിരുന്നു. ഇത്തവണത്തെ കുംഭമേള ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് നടക്കുന്നത്. മഹാശിവരാത്രി ദിവസമാണ് കുംഭമേള സമാപിക്കുന്നത്. 50 കോടിയില്‍ അധികം ആളുകള്‍ മഹാകുംഭമേളയില്‍ വിശുദ്ധ സ്നാനം അനുഷ്ടിച്ചെന്നാണ് വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് അനുസരിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്കുന്ന വിവരം.
മഹാകുംഭമേള എന്നപേരില്‍ പുതിയ ജില്ലയുള്‍പ്പെടെ രൂപവത്കരിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഒരുക്കങ്ങള്‍. ഏകദേശം 4000 ഹെക്ടര്‍ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്നാനഘട്ടുകളുടെ നീളം എട്ടു കിലോമീറ്ററില്‍നിന്ന് 12 കിലോമീറ്ററായി വർദ്ധിപ്പിച്ചു. 1850 ഹെക്ടറിലാണ് പാര്‍ക്കിങ് സൗകര്യം.