തിരുവനന്തപുരം: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ നൽകിയ ലേഖനത്തിൽ പ്രതികരണവുമായി ശശി തരൂർ. ലേഖനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ലെന്നും എവിടെയും സിപിഎമ്മിന്റെ പേരില്ല എന്നും മാധ്യമങ്ങളോട് തരൂർ വ്യക്തമാക്കി.നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണമെന്നും ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിന്റെ പോരായ്മകളും ലേഖനത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. വ്യവസായ മേഖലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ ലേഖനം. ഇതാണ് പിന്നീട് വിവാദങ്ങൾക്ക് വഴി വെച്ചത്. ശശി തരൂരിൻ്റെ ലേഖനം വ്യവസായ മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ വികസന നേട്ടം എന്ന നിലയിൽ അവതരിപ്പിച്ചിരുന്നു.
എന്നാൽ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂർ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും വി ഡി സതീശൻ പ്രതികരിച്ചിരുന്നു. രമേശ് ചെന്നിത്തലയും തരൂരിന്റെ നിലപാട് തള്ളിയിരുന്നു.