കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോൺഗ്രസിലുണ്ടാക്കിയതെന്നും കോൺഗ്രസ് വസ്തുത മറയ്ച്ചു പിടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കേരളത്തിന്റെ വ്യാവസായിക പുരോഗതിയെ പ്രകീർത്തിച്ചു കൊണ്ട് ശശി തരൂർ ദി ന്യൂ ഇന്ത്യ എസ്പ്രെസ്സിൽ എഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴി വെച്ചത്.
സംസ്ഥാനത്തിന്റെ പുതു പുരോഗതി, കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിൽ, നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തി എന്നും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ വിവാദങ്ങൾ ഉയർന്നത്. വിമർശനങ്ങൾ ഉയർന്നു നിൽക്കുന്ന വേളയിലാണ് കോൺഗ്രസിന് നേരെ മുഖ്യമന്ത്രിയുടെ വിമർശനം .
നിങ്ങൾ എൽഡിഎഫിനെ ശത്രുതയോടെ കണ്ടോളൂ, പക്ഷേ നാടിനെ ശത്രുതയോടെ കാണുന്നതെന്തിനാണ് എന്ന് മുഖ്യമന്ത്രി ചോദിച്ചു. നാടിൻറെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനം നേടിയ പൊതു പുരോഗതി, ഐ ടി സ്റ്റാർട്ട് അപ്പ് രംഗത്തെ നേട്ടം ഇവ ചൂണ്ടികാട്ടിയാണ് തരൂർ കേരളത്തെ പ്രശംസിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി