ന്യൂഡൽഹി:ഇന്നലെ രാവിലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നപ്പോൾ, സർക്കാരിനെ ലക്ഷ്യം വെച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷം . യഥാർത്ഥ മരണ വാർത്തയുടെ കണക്ക് സർക്കാർ മൂടി വെക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
“മരണം തടയുന്നതിനേക്കാൾ “മരണവാർത്തകൾ തടയുന്നതിലാണ് സർക്കാർ ആശങ്കപ്പെടുന്നത്” എന്ന് പ്രതിപക്ഷം പറഞ്ഞു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നടന്ന മരണങ്ങളുടെ കാര്യത്തിൽ സത്യം മറച്ചുവെക്കാൻ നരേന്ദ്ര മോദി സർക്കാർ നടത്തിയ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. “ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. സ്റ്റേഷനിൽ നിന്ന് വരുന്ന വീഡിയോകൾ അങ്ങേയറ്റം ഹൃദയഭേദകമാണ്,” അദ്ദേഹം പറഞ്ഞു.