നാല് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും. വ്യാഴാഴ്ച്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി.
വിവാമോചനത്തില്‍ ഒപ്പിടുന്നതിന് മുമ്പ് 45 മിനിറ്റോളം കൗണ്‍സിലിങ് ഉണ്ടായിരുന്നു. എന്നാല്‍ അതിനുശേഷവും വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നു, പൊരുത്തക്കേടുകളുണ്ടെന്നും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി രണ്ടു പേരും പറയുന്നത്.
ജീവനാംശമായി ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ 18 മാസമായി ചഹലും ധനശ്രീയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോയും ചെയ്തിരുന്നു. ധനശ്രീയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചഹല്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാതിരുന്ന സമയത്ത് ചഹല്‍ ഓണ്‍ലൈന്‍ വഴി നൃത്തം പഠിച്ചിരുന്നു. ധനശ്രീയായിരുന്നു അധ്യാപിക. അന്ന് തുടങ്ങിയ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. 2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്.