എൻസിപി-എസിൽ വീണ്ടും കലഹം രൂക്ഷമാവുകയാണ്. പാർട്ടിയുടെ മുൻ ദേശീയ സെക്രട്ടറി സതീഷ് തോന്നക്കൽ ആണ് പിസി ചാക്കോയ്ക്കും ശരത് പവാറിനും എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വയമേധയാ രാജിവെച്ച തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക തിരിമറിയും നടത്തിയെന്നും ആരോപിക്കുകയാണെന്നും കാണിച്ച് സതീഷ് തോന്നയ്ക്കൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി.
പാർട്ടിയിലെ ആഭ്യന്ത്രര പ്രശ്നങ്ങൾ മൂലം ഫെബ്രുവരി 9 നു താൻ രാജി വെയ്ക്കുകയായിരുന്നെന്നും എന്നാൽ ഫെബ്രുവരി 17 നു തന്നെ പുറത്താക്കിയതായി പ്രസ്താവന നടത്തിയെന്നും മനഃപൂർവം തന്നെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യാതൊരു തെളിവുകളുമില്ലാതെ ആരോപണം ഉന്നയിക്കുകയാണെന്നും സതീഷ് തോന്നയ്ക്കൽ പരാതിയിൽ പറയുന്നു. എൻസിപി (എസ്പി) ആലപ്പുഴ ജില്ലാ പ്രസിഡന്റ് റഷീദ് നമ്പിലശ്ശേരിൽ, സംസ്ഥാന ഭാരവാഹിയായ ബി ജയകുമാർ എന്നിവർ എൻസിപി (എസ്) ആലപ്പുഴ ഡിസി ഒഫീഷ്യൽസ് എന്ന നിരവധി അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് തന്നെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയച്ചുവെന്നും കൂടാതെ പാർട്ടിയുടെ മീഡിയ സെല്ലിന്റെ മുഖ്യ ചുമതല വഹിക്കുന്ന ജയകുമാർ മറ്റു ഗ്രൂപ്പുകളിലേക്കും യാതൊരു അടിസ്ഥാനവുമില്ലാത്ത സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ തന്നെ പുറത്താക്കിയതിനെതിരെയാണ് നേതൃത്വത്തിനെതിരെ സതീഷ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക തിരിമറിയും അടക്കം നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സതീഷ് തോന്നയ്ക്കലിനെതിരായ നടപടിയെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
പി സി ചാക്കോയുടെയും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെയും നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് കുമാര്‍ അറിയിക്കുകയായിരുന്നു. ഫെബ്രുവരി 17 ലേതാണ് നടപടിയെടുത്തുകൊണ്ടുള്ള കത്ത്. സതീഷിന്റെ പ്രവർത്തികള്‍ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും കത്തിലൂടെ അറിയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പാർട്ടിയിൽ നിന്നും രാജി വെച്ച തന്നെ യാതൊരു അടിസ്ഥാനവുമില്ലാതെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് പാർട്ടിയുടെ ദേശീയ വർക്കിങ് പ്രസിഡന്റ് ആയ പി സി ചാക്കോയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
നടപടിയെടുക്കും മുൻപ് തന്നെ പാർട്ടിയുടെ മുഴുവൻ ചുമതലകളില്‍ നിന്നും രാജിവെച്ചിരുന്നുവെന്നാണ് സതീഷ് തോന്നയ്ക്കലിന്റെ പക്ഷം. പദവിയൊഴിയുന്നുവെന്നറിയിച്ച് ഫെബ്രുവരി ഒൻപതിന് നേതൃത്വത്തിന് അയച്ച കത്തും അദ്ദേഹം തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടർന്നാണ് രാജിയെന്നാണ് സതീഷ് തോന്നയ്ക്കലിന്റെ കത്തിലുള്ളത്. തോമസ് കെ തോമസിന്റെ ഭാഗത്ത് നിന്നും തുടർച്ചയായി അപമാനവും അപകീർത്തികരമായ നടപടികളും നേരിടുന്ന കാര്യങ്ങളെല്ലാം സതീഷ് വിശദമായി തന്നെ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല താൻ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് തനിക്കും വെള്ളാപ്പള്ളി നടേശനുമെതിരെ വ്യാപകമായ സൈബർ ആക്രമണം ചിലർ ബോധപൂർവം അഴിച്ചുവിട്ടതായും സതീഷിന്റെ പരാതിയിൽ പറയുന്നു.
സംസ്ഥാനത്തെ 9 ജില്ലകളിൽ നിന്നായി മുന്നൂറോളം പേരും തനിക്കൊപ്പം പാർട്ടിയിൽ നിന്നും രാജിവച്ചതായി സതീഷ് അവകാശപ്പെടുന്നുണ്ട്. പാർട്ടി വിട്ടെങ്കിലും തങ്ങൾ എൽഡിഎഫിൽ തന്നെ തുടരുമെന്നും സതീഷ് പറയുന്നു.
ഒരുകാലത്ത് ചാക്കോയുടെ വിശ്വസ്തനായിരുന്നു സതീഷ്. ആഴ്ചകൾക്കു മുമ്പും തിരുവനന്തപുരത്ത് സംഘർഷം ഉണ്ടായപ്പോൾ ചാക്കോയ്ക്കൊപ്പം അടിയുറച്ച് നിലകൊണ്ട ആളാണ് ഇപ്പോൾ പാർട്ടിക്ക് പുറത്തേക്കുപോയ സതീഷ് തോന്നയ്ക്കൽ.
ചാക്കോയ്ക്ക് വേണ്ടി കസേര എടുത്ത് എതിരാളികളെ തല്ലിയ സതീഷിന്റെ സംരക്ഷണത്തിന് ഇന്ന് ചാക്കോ ഇല്ലെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. ഏറെക്കുറെ രാഷ്ട്രീയത്തിൽ ചാക്കോ വ്യത്യസ്തനാകുന്നത് ഇതുപോലെയുള്ള പ്രവർത്തികളിലൂടെ കൂടിയാണ്. തനിക്കൊപ്പം നിൽക്കുന്നവരെ ഒരുകാലത്തും സംരക്ഷിക്കുന്ന സമീപനം ചാക്കോ സ്വീകരിച്ചിട്ടില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സതീഷ്.
അധികാരത്തിൽ എപ്പോഴും കടിച്ചു തൂങ്ങുവാൻ പരമാവധി ശ്രമിച്ചു ഒടുവിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ ആയപ്പോഴാണ് ചാക്കോ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവച്ചത്. മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെയാണ് ചാക്കോ സ്ഥാനമൊഴിഞ്ഞത്. മന്ത്രിമാറ്റത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടലായിരുന്നു പാർട്ടിക്കുള്ളിൽ. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ അനുമതിയോടെ പി സി ചാക്കോ നിലപാട് എടുത്തു. എന്നാൽ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.
മന്ത്രിമാറ്റ നീക്കം പാളിയതിന്റെ അമര്‍ഷത്തിലായിരുന്ന ചാക്കോ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പോരടിച്ചവര്‍ കൈകോര്‍ത്ത് തനിക്കെതിരെ തിരിഞ്ഞതോടെയാണ് ചാക്കോയുടെ പടിയിറക്കം. ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന നേതാവാണ് ഇപ്പോഴും ശരത് പവാർ.വർക്കിങ് പ്രസിഡന്റ്നെയൊക്കെ നിയമിച്ച്, ദേശീയ അധ്യക്ഷ സ്ഥാനത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുകയാണ് പവാർ. അതിനിടയിലാണ് വർക്കിംഗ് പ്രസിഡന്റ് ആയ ചാക്കോയുടെ പ്രവർത്തികൾ പവാറിനെ കൂടി കോടതി വരാന്ത കയറ്റുവാൻ പോകുന്നത്.