ബദരിനാഥ്: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലമുണ്ടായ അപകടത്തിൽ കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തി. 25 പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മഞ്ഞിനടിയിലകപ്പെട്ടത്. പലരും ഗുരുതരാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റര്‍ അകലെ ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബി.ആര്.ഒ) ക്യാമ്പിന് സമീപമായിരുന്നു അപകടം.
കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നതായി ബി.ആര്.ഒ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ആര്. മീണ വ്യക്തമാക്കി. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആര്.എഫ്), ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്.എഫ്), ജില്ലാ ഭരണകൂടം, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി), ബി.ആര്.ഒ ടീമുകള്‍ എന്നിവർ സംയുക്തമായി ചേർന്നാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത്.ശക്തമായ മഞ്ഞുവീഴ്ചയുള്ള സാഹര്യത്തിൽ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ സംഭവസ്ഥലത്ത് എത്തിക്കുന്നത് കനത്ത വെല്ലുവിളിയാണ്.
അതെസമയം കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററില്‍ എസ്.ഡി.ആര്.എഫ് സംഘം സ്ഥലത്തെത്തും. അതിശക്തമായ മഴ ഉത്തരാഖണ്ഡിലുള്‍പ്പെടെ (20 സെന്റീമീറ്റര്‍ വരെ) പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.