തൃശൂര്‍: അതിരപ്പിള്ളിയില്‍ പരിക്കേറ്റ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നല്‍കുമെന്ന് വനം വകുപ്പ്. ആനയുടെ കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും നിരീക്ഷണം തുടര്‍ന്നാല്‍ മതിയെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുണ്ട്. സെന്‍ട്രല്‍ സര്‍ക്കിള്‍ സി സി എഫിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നംഗ ഡോക്ടര്‍മാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.
രണ്ട് ദിവസമായി ആനയുടെ കാല്‍പ്പാദം നിലത്തുറപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതിനാല്‍ മുള്ളിവേലിയിലെ കമ്പി കാലില്‍ തറച്ചിട്ടുണ്ടോ എന്നാണ് വനംവകുപ്പിന്റെ സംശയം.രണ്ടുദിവസം കൂടി ആനയെ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ മയക്കു വെടി വെച്ച് പിടികൂടി ചികിത്സിക്കാന്‍ ആണ് തീരുമാനം.