നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സമീപകാലത്ത് എങ്ങും കേരളം കണ്ടിട്ടില്ലാത്ത കടുത്ത പോരാട്ടം ആകും 2026ൽ നടക്കുക. നിലവിൽ പല ജില്ലകളിലും ഇടതുപക്ഷത്തിന്റെ അധിനിവേശമാണ് ഉള്ളത്. ആ നിലയിൽ മുൻനിരയിലുള്ള ഒരു ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് വിജയിച്ചു വരുന്നത്.
തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയാണ് പത്തനംതിട്ട. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് തിരുവല്ല നിയമസഭാ മണ്ഡലം. ഇടതുപക്ഷത്തിന് ഭാഗമായ ജനതാദൾ സെക്കുലറിലെ മാത്യു ടി. തോമസാണ് 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. യുഡിഎഫിന്റെ ഭാഗമായി കേരള കോൺഗ്രസ് ആണ് മണ്ഡലത്തിൽ സ്ഥിരമായി മത്സരിക്കാറുള്ളത്.
നെല്ല്, റബർ കർഷകരും പ്രവാസികളുമാണ് വോട്ടർമാരിൽ കൂടുതലും. റബറിന്റെ വിലയിടിവ്, ഗൾഫ് മേഖലയിൽ തൊഴിലവസരം കുറഞ്ഞതോടെയുളള മടങ്ങിവരവ്, നെൽകൃഷിയുടെ പ്രതിസന്ധി, ശുദ്ധജലക്ഷാമം, വന്യമൃഗശല്യം എന്നിവ തിരുവല്ലയിലെ വോട്ടർമാരുടെ നീറുന്ന പ്രശ്നങ്ങളാണ്. ഭരണവിരുദ്ധ തരംഗം കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിൽ നിന്നും മികച്ച ഒരു സ്ഥാനാർത്ഥി മത്സരിച്ചാൽ മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നതിനുള്ള സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് റാന്നി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ഭാഗമായ പ്രമോദ് നാരായണനാണ് നിലവിലെ എംഎൽഎ.
1996 മുതൽ നീണ്ട വർഷക്കാലം രാജു എബ്രഹാം ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സീറ്റിൽ പ്രമോദ് നാരായണൻ മത്സരിക്കുന്നതും വിജയിക്കുന്നതും. സിപിഎമ്മിന്റെ കൈവശം ഉണ്ടായിരുന്ന സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിലേക്ക് എത്തിയതോടെ പ്രമോദ് നാരായണന് സീറ്റ് നൽകുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ ആയിരുന്നു മണ്ഡലത്തിൽ പ്രമോദിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചിരുന്നു. മാത്രവുമല്ല എംഎൽഎയ്ക്കും സർക്കാരിനും എതിരായ ജനകീയ കാഴ്ചപ്പാടുകളും അടുത്ത തെരഞ്ഞെടുപ്പിൽ ഇടതിന് പണിയാകുവാൻ സാധ്യതയുണ്ട്. റിങ്കു ചെറിയാനെ തന്നെയാണ് യുഡിഎഫ് വീണ്ടും പരിഗണിക്കുന്നതിന് സാധ്യത. മറ്റ് അനുകൂല ഘടകങ്ങൾക്കൊപ്പം റിങ്കു സ്ഥാനാർഥി കൂടി ആകുന്നതോടെ റാന്നിയിൽ വിജയക്കൊടി പാറിപ്പിക്കുവാൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു.
ആറന്മുള നിയമസഭാമണ്ഡലം. കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ് ആറന്മുള. 2016 മുതൽ സി.പി.എമ്മിലെ വീണാ ജോർജ്ജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
അതിനുമുമ്പ് തുടർച്ചയായി കോൺഗ്രസ് വിജയിച്ചിരുന്ന മണ്ഡലം ആയിരുന്നു ആറന്മുള. ക്രിസ്ത്യൻ ഓർത്തഡോക്സ്, ഹിന്ദു നായർ വോട്ടുകൾ വല്ലാതെ സ്വാധീനിക്കുന്ന മണ്ഡലം കൂടിയാണ് ആറന്മുള. വലിയ വിപ്ലവം പോലെ എൽഡിഎഫ് അവതരിപ്പിച്ച സ്ഥാനാർത്ഥിയായിരുന്നു വീണാ ജോർജ്. രണ്ടാംതവണത്തെ തെരഞ്ഞെടുപ്പ് വിജയം കൂടിയായപ്പോൾ അവരെ മന്ത്രിയാക്കുകയും ചെയ്തു. എന്നാൽ പാർട്ടിക്കാർക്ക് പോലും സ്വീകാര്യയല്ല വീണയെന്നാണ് അറിയുന്നത്.
ആരോഗ്യവകുപ്പും ഒട്ടേറെ വിമർശനങ്ങൾ സമീപകാലത്ത് നേരിടുന്നുണ്ട്. തിരക്കുകൾ കാരണം മണ്ഡലത്തിലെ ഇടപെടലുകളും നന്നേ കുറവാണ്. കോൺഗ്രസ് ആറന്മുളയിൽ വീണേ അട്ടിമറിക്കുവാൻ വളർത്തിക്കൊണ്ടുവന്ന നേതാവായിരുന്നു നിലവിലെ പാലക്കാട് എംഎൽഎ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ അപ്രതീക്ഷിതമായി പാലക്കാട്ടെ എംഎൽഎ ആകേണ്ടി വന്നതോടെ മറ്റു പേരുകളിലേക്കാണ് കോൺഗ്രസ് നേതൃത്വം ഇന്ന് എത്തിയിരിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ ഇളയമകൾ അച്ചു ഉമ്മനും ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരും അവിടുത്തെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും പരിഗണിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. അച്ചു ഉമ്മൻ എങ്ങാനും സ്ഥാനാർത്ഥിയായൽ വീണ നടന്ന വഴികളിലൂടെ പുല്ലുപോലും മുളക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കോന്നി താലൂക്കിൽ ഉൾപ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര,തണ്ണിത്തോട് , വള്ളിക്കോട്, ചിറ്റാർ, സീതത്തോട് കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും അടൂർ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തുകളും അടങ്ങുന്നതാണ് കോന്നി നിയമസഭാമണ്ഡലം.
സിപിഎമ്മിലെ കെ യു ജെനീഷ് കുമാർ എംഎൽഎയാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016ലെ തിരഞ്ഞെടപ്പിൽ കോൺഗ്രസിന്റെ അടൂർ പ്രകാശാണ് ഇവിടെ വിജയിച്ചത്. അദ്ദേഹം ലോക്സഭാ എംപിയായതിനെ തുടർന്ന്, 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.യു ജനീഷ് കുമാർ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ശബരിമല കൂടി ഉൾപ്പെടുന്ന മണ്ഡലം ആണ് കോന്നി.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കത്തി നിൽക്കുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പിൽ പോലും ബിജെപിയെ പിന്തുണയ്ക്കാത്ത മണ്ഡലം കൂടിയാണ് കോന്നി. സാക്ഷാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിച്ചിട്ട് പോലും നിലം തൊട്ടില്ല. ഉപതെരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ സിപിഎം വിജയിച്ച മണ്ഡലത്തിൽ പിന്നെയും ജനീഷ് കുമാർ തന്നെ വിജയിക്കുകയായിരുന്നു.
റോബിൻ പീറ്റർ മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോഴും ജില്ലയിലെയും കോന്നിയിലെയും രാഷ്ട്രീയപ്രവർത്തനമണ്ഡലത്തിൽ റോബിൻ ബീറ്റർ നിർണായക സാന്നിധ്യം തന്നെയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ റോബിൻ പീറ്ററിലൂടെ തന്നെ മണ്ഡലം തിരികെ പിടിക്കുവാൻ കഴിയുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. ഏറെക്കുറെ അത്തരത്തിലുള്ള പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. പട്ടികജാതി സംവരണമുള്ള പത്തനംതിട്ടയിലെ മണ്ഡലമാണ് അടൂർ. കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന മണ്ഡലം കൂടിയാണിത്. അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ നഗരസഭ, പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ്.
സി.പി.ഐയിലം ചിറ്റയം ഗോപകുമാറാണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2016ലെ കാൽ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയ ചിറ്റയം കഴിഞ്ഞതവണ 2919 വോട്ടുകളുടെ മാർജിനിലാണ് കടന്നു കൂടിയത്. ഈ വോട്ടുകളെല്ലാം നേടിയെടുക്കാൻ എം.ജി.കണ്ണനു സാധിക്കുകയും ചെയ്തു.
കണ്ണന്റെ പ്രചാരണം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ തന്നെ ചിറ്റയത്തിന്റെ ഭൂരിപക്ഷം കുറയുമെന്ന സൂചനകൾ മണ്ഡലത്തിൽ പ്രബലമായിരുന്നു. എന്നാൽ ഇതിനു തടയിടാൻ ഇടതുമുന്നണിക്ക് കഴിയാതെ പോയി. ചിറ്റയം ഗോപകുമാർ സ്വന്തം ബൂത്തിലും പിന്നിലായിരുന്നു. അടൂർ നഗരസഭയിലെ 86–ാം നമ്പർ ബൂത്തിൽ ചിറ്റയത്തിന് 124 വോട്ടാണ് ലഭിച്ചത്. അതേസമയം യുഡിഎഫ് സ്ഥാനാർഥി എം.ജി.
കണ്ണന് 281 വോട്ടു ലഭിച്ചു. എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപൻ 104 വോട്ടും നേടി. എം ജി കണ്ണനെ തന്നെ വീണ്ടും അടൂരിൽ സ്ഥാനാർത്ഥിയായി യുഡിഎഫ് നിയോഗിക്കാനുള്ള സാധ്യതയാണ് കാണുന്നത്. കഴിഞ്ഞതവണ വളരെ ചെറിയ വോട്ടുകൾക്ക് നഷ്ടമായ അടൂർ ഈ തവണ തിരിച്ചു പിടിക്കുവാൻ സാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. കണ്ണൻ ആകട്ടെ മണ്ഡലത്തിൽ എപ്പോഴും സജീവവുമാണ്. പത്തനംതിട്ടയിലെ മുഴുവൻ മണ്ഡലങ്ങളും യുഡിഎഫ് കയ്യിൽ ഒതുക്കുന്നതോടെ കേരളത്തിന്റെ അധികാരത്തിലേക്കുള്ള എളുപ്പവഴി ആകുമെന്ന് പ്രവചനങ്ങൾ നടത്തുന്നവരും ഉണ്ട്.