ന്യൂഡൽഹി: വിരമിക്കാനുള്ള തീരുമാനം തിരുത്തി സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ഫുട്ബോൾ ടീമിൽ. മാർച്ച് 19 ന് മാലദ്വീപുമായി നടക്കുന്ന സൗഹൃദമത്സരത്തിനും 25ന് ബംഗ്ലാദേശുമായി നടക്കുന്ന ഏഷ്യൻകപ്പ് യോഗ്യതാ മത്സരത്തിനും ഛേത്രി ഉൾപ്പെട്ടിട്ടുണ്ട്. ഏഷ്യൻ കപ്പ് യോഗ്യതാമത്സരത്തിന് മുന്നോടിയായാണ് സൗഹൃദമത്സരം.
ഏഷ്യൻകപ്പ് യോഗ്യത നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് ഛേത്രിയുമായി സംസാരിച്ച് ടീമിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ടതെന്ന് കോച്ച് മനേലാ മാർക്വേസ് പറഞ്ഞു. ഇന്ത്യക്കായി ഏറ്റവുമധികം ഗോൾ (94) നേടിയ താരമാണ് ഛേത്രി. അന്താരാഷ്ട്ര ഗോളുകളിൽ ലോകത്തെ നാലാമത്തെ താരവുമാണ് ഈ നാല്പതുകാരൻ.