കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. അവസാന ഹോം മത്സരത്തില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ വിജയം നേടിക്കൊണ്ടു മടങ്ങാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരിക്കുകയാണ്. പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേതന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ ജയത്തോടെ അവസാനിപ്പിക്കാനായി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ജയമാണിത്. 28 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം.
52-ാം മിനിറ്റില്‍ അസാധ്യമായ ഒരു ആംഗിളില്‍ നിന്ന് ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. തോല്‍വിയോടെ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന മത്സരംവരെ കാക്കണം. അവസാന മത്സരത്തില്‍ ഒരു പോയന്റ് നേടാനായാല്‍ അവർക്ക് പ്ലേ ഓഫിലെത്താം. 23 മത്സരങ്ങളില്‍ നിന്ന് 33 പോയന്റുള്ള മുംബൈ നിലവില്‍ ഏഴാം സ്ഥാനത്താണ്. അതേസമയം, അവസാന മത്സരത്തിലും തോറ്റാല്‍ മുംബൈയെ മറികടന്ന് ഒഡിഷ എഫ്.സി പ്ലേ ഓഫിലെത്തും. മാർച്ച് 12-ാം തീയതി ഹൈദരാബാദ് എഫ്.സിക്കെതിരേ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം.