കോൺഗ്രസ് ഇങ്ങനെ പോയാൽ നന്നാകില്ലെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും ഭരണത്തിനാണ് സാധ്യതയെന്ന് അഖിൽ പറയാതെ പറയുകയാണ്. ചില വസ്തുതകളെ ചൂണ്ടിക്കാട്ടിയാണ് അഖിലിന്റെ നിരീക്ഷണം. കോൺഗ്രസിനുള്ളിലെ തമ്മിൽ തല്ലും ആഭ്യന്തര തർക്കങ്ങളും ഇനിയും പ്രതിപക്ഷത്തു തന്നെ അവരെ ഇരുത്തുമെന്ന് അഖിൽ മാരാർ കണക്കുകൂട്ടുന്നു. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രമാണ് ജന സ്വീകാര്യതയെന്നും ബാക്കിയുള്ളവരെ ജനങ്ങൾക്ക് വേണ്ടെന്നും അഖിൽ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് പക്ഷം ജയിക്കും…കാരണം അത്രയേറെ ചിന്താശേഷി ഇല്ലാത്ത ഒരു പ്രതിപക്ഷമാണ് നമുക്കുള്ളത്… എങ്ങനെയാണു കമ്മ്യൂണിസ്റ് പാർട്ടി വീണ്ടും അധികാരത്തിൽ എത്തുന്നതെന്ന് ഞാൻ പറയാം..നിലവിൽ വലിയ ഭരണ വിരുദ്ധ വികാരം ആണ് പിണറായി സർക്കാരിൽ ഉള്ളത്..ഏതാണ്ട് ഇത് പോലെ ആയിരുന്നു… 2016മുതൽ 2020വരെയും… എന്നാൽ കോവിഡ് വന്നു.. സാഹചര്യം മാറി.. ജനം എല്ലാം മറന്നു.. പിണറായി പുണ്യാളൻ ആയി..
750കോടി കൈയിൽ ഉണ്ടായിട്ടും നിരവധി ഓഫറുകൾ ലഭിച്ചിട്ടും നാളിതുവരെ വയനാട്ടിലെ ദുരന്ത ബാധിതർക്ക് വേണ്ടി ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ല.. എന്ത് കൊണ്ടാണ് ആ മനുഷ്യരെ ഇങ്ങനെ വലയ്ക്കുന്നത്.. അവിടെയാണ് പാർട്ടിയുടെ ബുദ്ധി.. 2025 പകുതിക്ക് ശേഷം വയനാട്ടിൽ കാര്യങ്ങൾ ചെയ്ത് തുടങ്ങും.. 2026മാർച്ച് മാസത്തോടെ കാര്യങ്ങൾ പൂർത്തിയാക്കും..
അതോടെ പാവങ്ങളുടെ കണ്ണീർ ഒപ്പിയ പിണറായി മഹാൻ ആയി മാറും..ഏകദേശം ഈ വർഷം അവസാനത്തോടെ ദേശീയ പാത വികസനം കേന്ദ്രം പൂർത്തിയാക്കും… PR ആശാൻ ആയ മരുമോൻ മന്ത്രി സകല പെരിങ്ങോടാന്മാരെയും വെച്ച് നാട് മുഴുവൻ പാടി അറിയിക്കും.. ഇടത് സർക്കാരിന്റെ നേട്ടം…വയനാടിന് വേണ്ടി നല്ലത് ചെയ്ത സർക്കാരിനെ എതിർക്കാൻ കോൺഗ്രസ്സിന് കഴിയുമോ… ഇല്ല…നാഷണൽ ഹൈവേ മോദിയുടെയും നിധിൻ ഖഡ്ഗരിയുടെയും ഇശ്ച ശക്തിയുടെ വിജയം ആണെന്ന് കോൺഗ്രസിന് പറയാൻ പറ്റുമോ.. ഇല്ല..
പെൻഷൻ പ്രശ്നങ്ങൾ പരിഹരിക്കും..അതിനേക്കാൾ ഉപരി ഓരോ മണ്ഡലങ്ങളിലും സിപിഎം മികച്ച സ്ഥാനാർഥികളെ നിർത്തുമ്പോൾ അപ്പുറത്തു അധികാര കൊതി മൂത്ത കടൽ കിഴവന്മാർ സീറ്റിന് വേണ്ടി പരസ്പരം കൊത്തി കീറും… ജയിച്ചാൽ മുഖ്യമന്ത്രി ആവണം എന്ന് മനസ്സിൽ ആഗ്രഹമുള്ള ഓരോരുത്തരും പാർട്ടിയിലെ തന്റെ എതിരാളികളെ തോൽപ്പിക്കാൻ കൂടുതൽ ആഗ്രഹിക്കും..
ഇന്നലെകളിൽ കോൺഗ്രസിന് വോട്ട് ചെയ്ത പലരും മരണപ്പെട്ടു പോകുമ്പോൾ പുതിയ തലമുറയെ ഒരു രീതിയിലും ഈ പാർട്ടി ആകർഷിക്കുന്നില്ല അവർക്കാണെങ്കിൽ രാഷ്ട്രീയം തീരെ താൽപര്യവുമില്ല അവർക്ക് ഇഷ്ടമുള്ള വിശ്വാസമുള്ള നേതാക്കന്മാർ ഷാഫി, രാഹുൽ, മാത്യു കുഴല്നാടന് ഒഴിച്ച് ആരുമില്ല എന്ന അവസ്ഥയിൽ ആയി പ്രതിപക്ഷ നിരയിൽ…
അതിനേക്കാൾ ഉപരി ഇടത് പക്ഷത്തെ വീണ്ടും അധികാരത്തിൽ എത്തിച്ചു നശിപ്പിക്കാനും അധികാരത്തിൽ നിന്നും കോൺഗ്രസ്സിനെ മാറ്റി നശിപ്പിക്കാനും ചാണക്യ തന്ത്രങ്ങൾ ബിജെപി യും ഒരുക്കുന്നു…അത് കൊണ്ട് എത്രയും വേഗം പാർട്ടിയെ ചടുലമാക്കു…പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥിയെ 6 മാസം മുൻപ് തീരുമാനിക്കണം..അയാൾക്ക് എല്ലാ വാർഡിലെയും 100 വീടുകളിൽ നിന്ന് 150രൂപ മാസം നൽകണം..15000രൂപ മാസം ലഭിക്കുന്ന ഈ നിയുക്ത സ്ഥാനാർഥി പൂർണ സമയം പാർട്ടിക്ക് വേണ്ടിയും അന്നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുക…
പഞ്ചായത്തിലെ ക്രമക്കേടുകൾ കണ്ടെത്തി പൊതു മധ്യത്തിൽ എത്തിക്കുക.. പാർട്ടി അത് ഏറ്റെടുക്കുക.. വിശ്വാസം ഉള്ള ഒരുവൻ വിചാരിച്ചാൽ രാഷ്ട്രീയം നോക്കാതെ ജനം അവന്റെ കൂടെ നിക്കും..ഓരോ വാർഡും പിടിച്ചെടുത്താൽ പഞ്ചായത്ത് നിയമസഭ പതിയെ കൂടെ വരും..നാളെ മുതൽ ഈ സർക്കാരിന്റെ ചെയ്തികളെ ചർച്ച ആക്കുക.. വയനാട്ടിലെ ജനങ്ങൾക്ക് അർഹമായ നീതി എത്രയും പെട്ടെന്ന് നേടികൊടുക്കുക.. സർക്കാർ ചെയ്തതല്ല എന്നും.. പ്രതിപക്ഷം നേടി കൊടുത്തതാണ് എന്നും സമൂഹത്തെ ബോധ്യപ്പെടുത്തുക..കേന്ദ്ര പദ്ധതികൾ അഭിമാനത്തോടെ പിണറായി വിജയന്റെ അല്ല എന്ന് കോൺഗ്രസ്സിന്റെ നേതാകൾക്ക് പറയാൻ കഴിയണം..ജയ സാധ്യത മാത്രമായിരിക്കണം സ്ഥാനാർഥി നിർണയത്തിന്റെ അടിസ്ഥാനം..സ്വീകരിക്കാം തള്ളിക്കളയാം… ഇടത് പക്ഷം നിലനിൽക്കാനും ഈ നാടിനു ഗുണം ഉണ്ടാവാനും ഭരണം മാറുന്നതാണ് നല്ലത്.. ഇങ്ങനെയാണ് അഖിൽ പറയുന്നത്.
കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ഒന്നുമല്ല അഖിൽ മാരാർ. പക്ഷേ അദ്ദേഹം വരെ കാര്യങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി കോൺഗ്രസ് നേതാക്കൾക്ക് എന്നാകും ബോധോദയം ഉണ്ടാവുക…?