അങ്ങനെ സിപിഎം സംസ്ഥാന സമ്മേളനം പര്യവസാനത്തിലേക്ക് കടക്കുകയാണ്. പതിവ് പോലെ പിണറായി സൂക്തങ്ങൾ ഏറ്റുപാടി ഭക്തിയാദര പൂർവം സഖാക്കൾ അവരവരുടെ വഴിക്ക് പിരിയുവാൻ തയ്യാറെടുക്കുന്നു. തിരുവായ്ക്ക് എതിർവാ ഇല്ലാത്തതിനാൽ പിണറായി വിജയനെ എതിർക്കാൻ ആ പാർട്ടിയിൽ ആരും ഇല്ലാത്ത കാലമായതിനാൽ വിമത സ്വരങ്ങൾ ഒന്നും തന്നെ ഉയർന്നില്ല. മന്ത്രിമാരുടെ പ്രകടനമെല്ലാം മോശമെന്ന് പ്രതിനിധികൾ ഒന്നില്ലാതെ വിമർശിച്ചപ്പോൾ മരുമകൻ മന്ത്രി മഹാ സംഭവമാണെന്ന് പറയാനും മറന്നില്ല. മറുത്തെങ്ങാനും പറഞ്ഞാൽ മഹാരാജാവിന്റെ കോപം ഉറപ്പെന്ന് പ്രതിനിധികൾക്കും അറിയാം. സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കമുള്ള വിവാദ നിർദ്ദേശങ്ങൾ ചർച്ചയ്ക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ഗംഭീരമെന്ന് പറഞ്ഞു കഴിഞ്ഞു.
സമ്മേളനത്തിൽ പാർട്ടി നേതാക്കൻമാർ എടുത്ത തീരുമാനങ്ങളെല്ലാം മുമ്പേ തീരുമാനിക്കപ്പെട്ടോയെന്നാണ് ഗോവിന്ദന്റെ ഈ നിലപാടിൽ നിന്നുയരുന്ന സംശയം. ഒരർത്ഥത്തിൽ പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിക്ക് എല്ലാ അർത്ഥത്തിലും കീഴടങ്ങിയിരിക്കുകയാണ്. ഇത്തവണ പതിവിന് വിരുദ്ധമായി ആകെയുണ്ടായത് പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനായി പാർട്ടി റെഡിയെന്ന് പറയൽ മാത്രമാണ്. ഇതാവട്ടെ നേരത്തെ തീരുമാനിച്ച് ഫിക്സ് ചെയ്ത് മുഖ്യൻ പ്രഖ്യാപിച്ചത് ഏറ്റുപറയുകയെന്ന ജോലി മാത്രമേ പാർട്ടി സെക്രട്ടറിക്ക് ആകെ ബാക്കിയുണ്ടായിരുന്നത്. അല്ലേലും ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്നു നേരെ നയം മാറ്റി പറയുന്ന പാർട്ടി സെക്രട്ടറിക്ക് ഇതല്ലാതെ എന്തുണ്ട് പറയാൻ.
ആർക്ക് ഭ്രാന്തായാലും കാലൻ കോഴിക്ക് ഇരിക്കപ്പൊറുതിയില്ല എന്നു പറഞ്ഞ പോലെ സിപിഎമ്മിനകത്തെ അന്തിഛിദ്രങ്ങൾ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോൾ ഇതിൽ നിന്നും അതി വിദഗ്ധമായി മാധ്യമങ്ങളെ പറ്റിക്കാൻ നാളേറെയായി മുഖ്യനും പാർട്ടി സെക്രട്ടറിയും കണ്ടെത്താറുള്ള മാർഗം ലീഗിനും കോൺഗ്രസിനും മേൽ കുതിര കയറുകയെന്ന കലാപരിപാടിയാണ്. ഇത്തവണയും ആവനാഴിയിലെ ആ ആസ്ത്രം തന്നെയാണ് പ്രയോഗിച്ചത്.
മുഖം വികൃതമാകുമ്പോൾ കണ്ണാടി കുത്തിപ്പൊട്ടിക്കുന്നപോലെ സ്വന്തം വകുപ്പിലെ പ്രവർത്തനം എന്തെന്ന് പോലും മനസ്സിലാവാതെ ഫാസിസം ഒരുകാലത്തും വരില്ലെന്നും പറഞ്ഞിരിക്കുന്ന മുഖ്യന് സ്വന്തം വീഴ്ചകൾ മറക്കാൻ ബെസ്റ്റ് ലീഗും കോൺഗ്രസും തന്നെ. ലീഗും കോൺഗ്രസുമൊക്കെ മാറിയാൽ കാര്യങ്ങൾ സിപിഐക്കാരുടെ ഭാഷയിൽ പറഞ്ഞാൽ മുണ്ടുടുത്ത മോദിക്ക് എളുപ്പമാവും. പിന്നെ സാക്ഷാൽ മോദിയും മുണ്ടുടുത്ത മോദിയും തമ്മിൽ ധ്രുവീകരണത്തിൽ ആരാണ് കേമൻ എന്ന മത്സരം മാത്രമേ ബാക്കി കാണൂ.
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പൂവാലൻമാരെ പോലെ പാത്തും പതുങ്ങിയും ലീഗിന്റെ പിന്നാലെ നടക്കുകയും തങ്ങളുടെ പാട്ടിന് വരില്ലെന്ന് ഉറപ്പാകുമ്പോൾ പുരപ്പുറത്ത് കയറി കൂവുകയും ചെയ്യുക എന്നത് സിപിഎമ്മിന് നാളേറെയായുള്ള കലാപരിപാടിയാണ്. അല്ലേലും കിട്ടാത്ത മുന്തിരി ഇത്തിരി പുളിക്കും. ലീഗും കോൺഗ്രസുമൊന്നുമില്ലെങ്കിൽ കേരളത്തിൽ നിന്നുള്ള ഒരു കനൽ തരി മാത്രമേ ഇന്ന് ലോക്സഭയിൽ സിപിഎമ്മിനുണ്ടാകൂ എന്ന സാമാന്യ ബോധമൊക്കെ മുഖ്യനും ആവാം. താൻ കണ്ണടക്കുമ്പോൾ ലോകം മുഴുവൻ ഇരുട്ടാകുന്നു എന്ന് പറഞ്ഞാൽ കേരളത്തിലെ ഭക്ത ജനം ചിലപ്പോൾ കേട്ടേക്കാം. എന്നാൽ മാലോകരെല്ലാം പാർട്ടി അന്തങ്ങളെ പോലെ പാർട്ടി ഓഫീസിൽ ബുദ്ധി പണയം വെച്ചവരാവില്ലല്ലോ.
വാളയാറിനും കളിയിക്കവിളക്കുമപ്പുറം ചുവന്ന കൊടി പറത്തണമെങ്കിൽ മറ്റു പാർട്ടികളുടെ സഹായം കൂടിയേ തീരൂ. എന്തിനതികം പറയണം ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിച്ച സീറ്റിൽ പ്രചാരണത്തിന് പോലും സമീപ സംസ്ഥാനത്തെ മുഖ്യനായിട്ടു പോലും പിണറായിയെ ആരും വിളിച്ചില്ല. പകരം രാഹുൽ ഗാന്ധിയുടെയും സ്റ്റാലിന്റേയും പോസ്റ്ററൊട്ടിച്ചാണ് വോട്ടു തേടിയത്.
രാജസ്ഥാനിലാവട്ടെ കെ.സി വേണുഗോപാലിന്റെ വരെ ഫോട്ടോ പതിച്ചാണ് വോട്ടു തേടിയത്. മറവി ഒരു അനുഗ്രഹമാണ്. പ്രത്യേകിച്ചും പിണറായിക്ക് മുമ്പ് എന്തു പറഞ്ഞിരുന്നോ അതെല്ലാം വിഴുങ്ങി ഞാനും ഞാനുമെന്റാളും ആ കണ്ണൂർക്കാരും എന്ന രീതിയിലേക്ക് പാർട്ടിയെ കൊണ്ടു പോവുകയാണ്. അടുത്ത തെരഞ്ഞെടുപ്പോടെ മ്യൂസിയത്തിൽ മാത്രം കാണാൻ ഭാഗ്യം ലഭിക്കുന്ന ഒരു പാർട്ടിയെ നയിച്ച അവസാന മുഖ്യമന്ത്രി എന്ന ഖ്യാതി ടിയാന് സ്വന്തമാകാനാണ് സാധ്യത.
ഡൽഹിയിൽ കോൺഗ്രസ് ആപിനെ തോൽപിച്ചുവെന്നാണ് നോട്ടയോട് പൊരുതിത്തോറ്റ സിപിഎമ്മിന്റെ മുഖ്യമന്ത്രി പറയുന്നത്. സിപിഎം അവിടെ ആർക്കെതിരെയാണാവോ മത്സരിച്ചത്. വാക്ക് ഒരു വഴിക്ക് പ്രവൃത്തി ഒരു വഴിക്ക് യഥാർഥ മതനിരപേക്ഷ കക്ഷികൾക്ക് ഇങ്ങനെയുള്ള കോൺഗ്രസിനെ വിശ്വസിക്കാനാകുമോയെന്നാണ് മുഖ്യൻ ചോദിക്കുന്നത്.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പയറ്റിയ തനി വർഗീയ പ്രചാരണം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയുമായുള്ള അഡ്ജസ്റ്റ്മെന്റ് എന്നിവയാണ് ഇപ്പോൾ മുഖ്യനും പാർട്ടിയും മുസ്ലിം ലീഗിനെതിരെ ആരോപണം നെയ്യുന്നതിന് പിന്നിലെ ചേതോവികാരം. കർണാടകത്തിൽ കോൺഗ്രസും ബിജെപിയും ഏറ്റുമുട്ടുമ്പോൾ അവിടെ സിപിഎം മത്സരിക്കുകയും ഇതേ മുഖ്യമന്ത്രി അവിടെ കോൺഗ്രസിനെതിരെ പ്രചാരണത്തിനിറങ്ങുകയും ചെയ്തത് മറക്കുരുത്. അല്ലേലും കോൺഗ്രസ് പരാജയപ്പെട്ട് ബിജെപി വിജയിക്കട്ടെ എന്ന തിയറി കാലങ്ങളായിട്ട് സിപിഎമ്മിനുള്ളതാണ്. ആർഎസ്എസ് പിന്തുണയോടെ മുമ്പ് നിയമസഭയിലെത്തിയതിന്റെ കടപ്പാട് ഇന്നും കാണുമല്ലോ.
മോദി സർക്കാർ ഫാസിസ്റ്റ് പോലുമല്ലെന്നാണ് സിപിഎമ്മിന്റെ പുതിയ കണ്ടെത്തൽ. ആണെന്ന് സമർഥിച്ചു സീതാറാം യെച്ചൂരിയെഴുതിയ ലേഖനങ്ങളൊക്കെ അദ്ദേഹം മരിച്ചതോടെ അലിഞ്ഞു പോയി. അപ്പോൾ മൃതുഹിന്ദുത്വയുടെ എക്കാലത്തേയും വക്താവാണ് പാർട്ടിയെ നയിക്കുന്നത്. അപ്പോൾ ഇതല്ല ഇതിലും അപ്പുറം നടന്നാലും അത്ഭുതപ്പെടേണ്ടതില്ല. ശരിക്കും സംസ്ഥാന സമ്മേളനം പിണറായി വിജയൻ തന്നെയാണ് ഇന്നത്തെ സിപിഎമ്മിന്റെ അധിപനെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. രക്തസാക്ഷികളുടെയും ചരിത്രങ്ങളുടെയും വാഴ്ത്തുപാട്ടുകൾ കേട്ടിരുന്ന സമ്മേളന നഗരിയിൽ നിന്നും ഇപ്പോൾ കേൾക്കുന്നത് ഇന്നിന്റെ നേതാക്കളെ പറ്റിയുള്ള വാഴ്ത്തു പാട്ടുകൾ മാത്രമാണ്. സിപിഎമ്മിന് കൈ വന്നിരിക്കുന്ന മൂല്യച്യുതിയെ തുറന്നു കാട്ടുവാൻ ഇതിലും വലിയ ഉദാഹരണം വേറെയില്ല.