സുനിത വില്യംസ് അടങ്ങിയ സംഘത്തിൻ്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടങ്ങി വരവ് വീണ്ടും വൈകും. ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം സാങ്കേതിക തകരാർ മൂലം നടക്കാത്തത് മൂലമാണിത്. മാറ്റിവെച്ച ക്രൂ 10 വിക്ഷേപണം നാളെയാകും നടക്കുക. ഇന്ത്യൻ സമയം രാവിലെ 4.56നാണ് വിക്ഷേപണം നടക്കുന്നത്. ഇവരുടെ മടക്കയാത്ര ഈ മാസം 17നായിരിക്കും.ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം പുറപ്പടേണ്ടിയിരുന്നത്.
ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ ഇത് നടന്നില്ല. വിക്ഷേപണത്തിന് തൊട്ടുമുൻപ് ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നത്തെ വിക്ഷേപണം മുടങ്ങിയത്. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് ഫാൽക്കൺ റോക്കറ്റ് വിക്ഷേപിക്കാൻ തയാറെടുത്തിരുന്നത്. ഇതിൻ്റെ തത്സമയ വീഡിയോ സംപ്രേഷണമടക്കം ലഭ്യമായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായി വിക്ഷേപണം മുടങ്ങുകയായിരുന്നു.