കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ 570 പേര് പ്രതികളാണ്. 3568 റെയ്ഡുകളും 33709 വാഹന പരിശോധനയും നടന്നു. പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേര്‍ന്നുള്ള 50 സംയുക്ത പരിശോധനകളും നടന്നു.
സംയുക്ത പരിശോധനയിൽ 555 പേരെ പിടികൂടുകയും മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചെടുത്തു. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു. പരിശോധനയില്‍ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിന്‍, 39.56 ഗ്രാം ഹെറോയിന്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍ എന്നിവ പിടികൂടി. 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയും പിടിച്ചെടുത്തു.