ന്യൂഡൽഹി: 2009 ന് ശേഷം ഡിസിസി അദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ച് കോൺഗ്രസ് നേതൃത്വം. പാർട്ടിയിൽ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളിലായി അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുന്‍പായിരുന്നു യോഗം നടത്താൻ തീരുമാനിച്ചത് . എന്നാൽ പല സംസ്ഥാനങ്ങളിലും പുതിയ ഡിസിസി അധ്യക്ഷന്മാർ ആയിട്ടില്ല.
അതുകൊണ്ട് തന്നെ പുതിയ ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിച്ച ശേഷമായിരിക്കും യോഗം നടത്തുക . കേരളം, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 15 വർഷം മുന്‍പാണ് ഡിസിസി അദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.ഈ യോഗം 2009 ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ചേർന്നത്. പ്രവർത്തകരുടെ വികാരം മനസിലാക്കാനും അത് കൈമാറാനും ഡിസിസി അധ്യക്ഷന്മാർക്ക് കഴിയും എന്ന ബോധ്യം ഹൈകമാന്റിന് ഉണ്ട് .അതുകൊണ്ട് തന്നെ താഴെ തട്ടില്‍ ശക്തമായ സംഘടന സംവിധാനം രൂപപ്പെടണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം.