ചടയമംഗലം : കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചു നടത്തിയ സംഗീത പരിപാടിയിൽ സിപിഎം പാർട്ടി പരിപാടികളിൽ ഉപയോഗിക്കുന്ന “പുഷ്പ്പനെ അറിയാമോ “, ” ലാൽസലാം സഖാക്കളെ” എന്നീ ഗാനങ്ങൾ ഗായകരെ കൊണ്ടു പാടിക്കുകയും സിപിഎംന്റെയും ഡിവൈഎഫ്ഐയുടെയും ചിഹ്നങ്ങളും കൊടികളും പ്രദർശിപ്പിക്കുകയും ചെയ്തതിനെതിരെ നടപടി സ്വീകരിക്കണം എന്നവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആദർശ് ഭാർഗവൻ ഗവർണ്ണർക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി.
ക്ഷേത്ര വിശ്വാസത്തെ രാഷ്ട്രീയ വത്കരിച്ച ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. നടപടി സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്നും വിശ്വാസി സമൂഹത്തോട് സിപിഎം നേതൃത്വം മാപ്പ് പറയണമെന്നും അഡ്വ. ആദർശ് ഭാർഗവൻ ആവശ്യപ്പെട്ടു.