ഈ നിലയ്ക്ക് കാര്യങ്ങൾ മുന്നോട്ടുപോയാൽ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസും യുഡിഎഫും അധികാരത്തിൽ എത്തില്ലെന്നതിൽ ആർക്കും തർക്കമില്ല. ആഴ്ചകൾക്കു മുമ്പ് മുഴുവൻ നേതാക്കളെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഹൈക്കമാൻഡ് ചർച്ചകൾ നടത്തി പരസ്പരം കൈ കൊടിപ്പിച്ചു പിരിച്ചുവിട്ടെങ്കിലും നേതാക്കൾക്കിടയിൽ അനൈക്യം ഇപ്പോഴും ഉണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞദിവസം ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷി കേരളത്തിൽ എത്തി ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.
ഈ ആശയവിനിമയത്തിന്റെ പശ്ചാത്തലത്തിലും നേതാക്കൾക്കിടയിൽ യാതൊരു ഐക്യവും ഇല്ലെന്നാണ് ദേശീയ നേതൃത്വം മനസ്സിലാക്കിയിരിക്കുന്നത്. 60 വർഷക്കാലം ഇന്ത്യയും ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിച്ചിരുന്ന കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ വളരെയധികം ദയനീയമാണ്. ഈ നിലയിലാണ് കേരളത്തിലെ പോക്കെങ്കിൽ തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടുക മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസ് തുടച്ചുനീക്കപ്പെടുകയും ചെയ്യും.
ഇപ്പോഴത്തെ സ്ഥിതിയിൽ രാജ്യത്തെ കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ചുമതയുള്ള ദേശീയ ജനറൽ സെക്രട്ടറി കേരളത്തിൽ നിന്നുള്ള ആൾ കൂടിയാണ്. കെ സി വേണുഗോപാലിനെ പോലെ ഒരാൾ ദേശീയ തലത്തിൽ പാർട്ടിയെ ചലിപ്പിക്കുമ്പോൾ സംസ്ഥാനത്തെ വിജയം അങ്ങേയറ്റം നിർണായകമാണ്. അതുകൊണ്ടുതന്നെ യാതൊരു ഭാഗ്യപരീക്ഷണത്തിനും ഇല്ലെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും പരസ്പരം കൂടിക്കാഴ്ച നടത്തിയതായും അറിയുന്നു.
സംസ്ഥാനത്ത് നേതാക്കൾക്കിടയിൽ യാതൊരു തർക്കവുമില്ലെന്ന് അവർ ആവർത്തിച്ചു പറയുമ്പോഴും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നേതാക്കളിലേക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നൽകുവാനാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ ദേശീയ ജനറൽ സെക്രട്ടറിമാർക്ക് ആണ് സംഘടന ചുമതല നൽകുവാൻ ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ആകെ ചുമതല എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിക്ക് നൽകുവാനുമാണ് സാധ്യത. ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും സമാനഭിപ്രായമാണ് അറിയിച്ചതെന്ന് അറിയുന്നു. രണ്ട് തവണ കേരളഭരണം നഷ്ടമായ ലീഗിന്, മൂന്നാമത്തെ ഭരണനഷ്ടം ചിന്തിക്കാന്‍പോലും ആവില്ല. ഈ സാഹചര്യത്തിൽ ദീപ ദാസ് മുന്‍ഷിയുമായുള്ള ചര്‍ച്ചയില്‍, കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി നിര്‍ത്തണമെന്ന ശക്തമായ നിര്‍ദ്ദേശമാണ് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ലീഗിനെ യുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുത്താല്‍ പിണറായിക്ക് മൂന്നാം ഭരണം നൂറ് ശതമാനവും ഉറപ്പിക്കാനാകും. ഇപ്പോള്‍ ഇടതുപക്ഷത്ത് കയറിയില്ലെങ്കില്‍, ലീഗില്ലാതെ തന്നെ മൂന്നാം ഊഴം കിട്ടിയാല്‍, പിന്നെ ഒരിക്കലും ലീഗിനായി ഇടതുപക്ഷത്തിന്റെ വാതില്‍ തുറക്കില്ലന്ന ഭയവും ലീഗ് നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രിയങ്ക തന്നെ കോൺഗ്രസിനെ നയിക്കാൻ വേണമെന്ന ഉറച്ച നിലപാട് ലീഗും സ്വീകരിക്കുകയായിരുന്നു.
പ്രിയങ്ക കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതോടെ മറ്റ് അപസ്വരങ്ങൾ ഇല്ലാതെയാകുമെന്ന് ദേശീയ നേതൃത്വം കരുതുന്നു. ശരിക്കും കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടേണ്ടത് സിപിഎമ്മിനെ പോലെ തന്നെ ബിജെപിക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യം തന്നെയാണ്.
കോൺഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള അടുത്ത ചൂടുവെപ്പാകും കോൺഗ്രസിന്റെ കേരളത്തിലെ പതനമെന്ന് ബിജെപി കരുതുന്നു. സംസ്ഥാനത്ത് സിപിഎം വിജയിച്ച് അധികാരത്തിൽ വന്നാലും ബിജെപിയെ അത് യാതൊരു തരത്തിലും ബാധിക്കുന്നില്ല. ഈ കണക്കുകൂട്ടലിൽ തെരഞ്ഞെടുപ്പ് സമയത്ത് പരമാവധി സിപിഎം സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ വേണ്ട സമീപനങ്ങൾക്കും ബിജെപി സ്വീകരിക്കുകയെന്ന് കോൺഗ്രസ് കരുതുന്നു.
ഇതിനെ പ്രതിരോധിക്കുവാൻ കൂടി വേണ്ടിയാണ് പ്രിയങ്കയെ കളത്തിൽ ഇറക്കുവാൻ പാർട്ടി ആലോചിക്കുന്നത്. പ്രിയങ്ക ഗാന്ധിക്ക് പുറമെ കർണാടകയിൽ ബിജെപിയെ താഴെയിറക്കി അധികാരം നേടിയ ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളും കേരളത്തിലേക്ക് ചുമതലയുമായി എത്തുമെന്ന് അറിയുന്നു.