ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരികയും കലഹങ്ങളും കാലുഷ്യവുമില്ലാതെ ജനങ്ങളെ മതേതരത്വമെന്ന ആശയം ഉൽബോധിപ്പിക്കുകയും സ്വന്തം ജീവൻ അതിനുവേണ്ടി ബലിയർപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷതയുടെയും രക്ത സാക്ഷിയായിരുന്നു മഹാത്മാ ഗാന്ധി. അദ്ദേഹത്തിന്റെ പോരാട്ടം വിശ്വാസ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്രത്തിനും കൂടിയുള്ളതായിരുന്നു.
തന്റെ പിതാമഹാൻ പോരാടിയ മഹത്തായ ആശയങ്ങൾ നിഷേധിക്കപ്പെട്ടുകൊണ്ടാണ് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പ്രപൗത്രൻ തുഷാർ ഗാന്ധി കേരളത്തിൽ തടയപ്പെടുകയും അക്രമശ്രമത്തിന് ഇരയാവുകയും ചെയ്തത്. ആ അക്രമികളുടെ മുഖവും മുദ്രാവാക്യങ്ങളും പകയും തുഷാറിന് ഒട്ടും അപരിചിതമായിരുന്നില്ല. എഴുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് തന്റെ പിതാമഹനെ വെടിവെച്ച് കൊന്നവരുടെ ക്രൗര്യവും രൂപവും വാക്കുകളുമായിരുന്നു ഇവരുടേതും. ഗാന്ധിജി കൊല്ലപ്പെട്ട് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഗാന്ധിവിരോധികൾ നശിക്കുകയല്ല, വളരുകയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
ക്ലാസിക് ഫാസിസം എന്നോ നവഫാസിസമെന്നോ നിർവചനം തേടുന്നവർ ഭരിക്കുന്ന സംസ്ഥാനത്താണ് ഗാന്ധിസം സിരയിലോടുന്ന തുഷാറിന് പിതാമഹന്റെ കൊലപാതകികളെക്കുറിച്ച് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. അത്യന്തം ദുഃഖകരമായ ഈ നീചകൃത്യം നടക്കുന്നതു കേരളത്തിൽ വെച്ചാണെന്ന് ഓരോ കേരളീയനും അപമാനകരമാണ്.
ഫാസിസത്തിന്റെ രുചിയറിയാൻ വെന്തുകൊണ്ടിരിക്കുന്ന ചാറ്റ് ഉള്ളംകയ്യിലെടുത്ത രുചിച്ച് നോക്കുന്നവർക്ക് ഇനിയും ബോധ്യമായിട്ടില്ലേ പരിവാർ എല്ലാ ചേരുവകളും ചേർന്ന ഫാസിസ്റ്റുകളാണെന്ന്. ഗാന്ധിയൻ വിരുദ്ധ ആശയങ്ങളുടെ ഊഷ്മാവ് ഉയർന്നുകൊണ്ടിരിക്കുമ്പോഴും അതിൽ കുളിരും തണലും തേടുന്നവാക്ക് മാത്രമേ ഫാസിസത്തിന്റെ പുതിയ പാഠാവലി മനസ്സിലാവുകയുള്ളൂ.
സംഘപരിവാർ പിൻപറ്റുന്ന ഇറ്റാലിയൻ ഫാസിസത്തിന്റെ രക്തബന്ധുവാണ് സിപിഎം പിന്തുടരുന്ന സ്റ്റാലിനിസം. അതിനാൽ ഗാന്ധിജിയെ കൊന്നവരുടെ മുഖവും തുഷാറിനെ തടഞ്ഞവരുടെ വാക്കുകളും ഫാസിസമായി കാണാൻ സ്റ്റാലിനിസ്റ്റുകൾക്ക് സാധ്യമല്ല. സിപിഎം, സംഘപരിവാറിനോട് പ്രകടിപ്പിക്കുന്ന മൃദുസമീപനവും ഉള്ളറിഞ്ഞ ചങ്ങാത്തവുമാണ് തുഷാറിനെ കേരളത്തിൽവെച്ച് തടയാനുള്ള ആർജ്ജവം നൽകിയത്. ഗാന്ധിജിയുടെ മാത്രമല്ല ശ്രീ നാരായണഗുരുവിന്റെയും ചിരസ്മരണയുണർത്തുന്ന ചടങ്ങിനെത്തിയപ്പോഴാണ് തുഷാർ ഗാന്ധിയെ ആക്രമിക്കാനും അപമാനിക്കാനും ശ്രമം നടന്നത് എന്ന കാര്യം സംഭവത്തെ അതീവ ഗൗരവമുള്ളതാണ്.
മനുഷ്യസ്നേഹികൾ കനകചട്ടക്കൂടുകളിലിട്ട് സൂക്ഷിക്കാറുള്ള ഇത്തരം ചരിത്ര മുഹൂർത്തങ്ങളെ അപമാനിച്ചവർ ഗാന്ധിജിയെയും ഗുരുവിനെയും ഇരട്ടക്കൊല ചെയ്യുകയായിരുന്നു. ഇവിടെ സംഘപരിവാറിന് അതിനുള്ള ധൈര്യം പകർന്നത് സംസ്ഥാന ഭരണകൂടത്തിന്റെ അലസ നയങ്ങളാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് പൊരുതിയ രാഷ്ട്രപിതാവിന്റെ കൊച്ചുമകന് സ്വതന്ത്ര ഇന്ത്യയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു.
അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ പ്രപൗത്രൻ സുരക്ഷ നൽകാൻ കേരളത്തിന് സാധിക്കാത്ത തരത്തിൽ നാട്ടിലെ ക്രമസമാധാനം തകർന്നിരിക്കുന്നു. ഗുജറാത്ത് കലാപത്തിൽ ഒറ്റപ്പെട്ടുപോയ കുത്തബുദീൻ അൻസാരിയെ കേരളത്തിൽ കൊണ്ടുവന്ന് സംരക്ഷണം നൽകുമെന്ന് വിടുവായത്തം പറഞ്ഞവരായിരുന്നു സിപിഎമ്മുകാർ, ചരിത്രത്തിലെ മഹത്തായ ദിനമായിരുന്നു ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ കണ്ടു മുട്ടിയ അവിസ്മരണീയ മുഹൂർത്തം. അതിലെ പ്രാധാന്യം കാണാത്തവർ സംഘപരിവാർ സംഘടനകൾ മാത്രമാണ്.
ഗാന്ധിജി അടയാളപ്പെടുത്തിയതിനെയെല്ലാം മായ്ച്ച് കളയുകയും പടുത്തുയർത്തിയതിനെയെല്ലാം തകർത്തെറിയുകയുമാണ് അവരുടെ ലക്ഷ്യം. ഗാന്ധിജിയെ വധിച്ച സംഘപരിവാർ ഇപ്പോഴും ജനമനസ്സുകളിൽ വിഷം വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ഇത് അടിസ്ഥാനരഹിതമായ ആരോപണമായിട്ടല്ല തുഷാർ ഗാന്ധി ഉന്നയിച്ചത് ചരിത്ര യാഥാർത്ഥ്യമാണ്.
ഇന്ത്യയുടെ ആത്മാവിനെ ബാധിച്ച വ്രണമാണ് സംഘപരിവാരമെന്ന തുഷാർ ഗാന്ധിയുടെ വിശേഷണം ധൈര്യവും നിലപാടുമുള്ള ഒരു സാമൂഹ്യ പ്രവർത്തകന്റെ വാക്കുകളാണ്. ജീവിച്ചിരുന്ന ഗാന്ധിജിയേക്കാൾ മരണമടഞ്ഞ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും അവർ ഭയപ്പെടുന്നു. ഗാന്ധി വംശപരമ്പരയിൽ ഒരാളെപ്പോലും ഇഷ്ടപ്പെടാനാവാത്തവിധം പകയാണ് സംഘപരിവാറിനുള്ളത്.