കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ആരോപണ വിധേയനായ അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. അഭിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കിയ വിവരം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ് പുറത്തുവിട്ടു. ഇന്നലെ ചേർന്ന യൂണിറ്റ് സമ്മേളനത്തിലാണ് അഭിരാജിനെ പുറത്താക്കാനുള്ള തീരുമാനം എസ്എഫ്ഐ സ്വീകരിച്ചത്.
കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവ് അഭിരാജ് അടക്കം മൂന്ന് വിദ്യാർഥികളാണ് കേസിൽ അറസ്റ്റിലായത്. അഭിരാജ്, ആലപ്പുഴ സ്വദേശി ആദിത്യൻ, കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. അഭിരാജ് എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറിയാണ്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.