കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 മണ്ഡലങ്ങളിൽ 18 ഇടത്തും ആധികാരിക വിജയം ആയിരുന്നു യുഡിഎഫ് നേടിയത്. ഇടതുമുന്നണി ആകട്ടെ കേവലം ഒറ്റ സീറ്റിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. സ്വാഭാവികമായും ഒരൊറ്റ സീറ്റിൽ മാത്രം വിജയിച്ച സിപിഎമ്മിനെ അത് വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടുവന്ന് എത്തിക്കുമെന്ന് പലരും പറഞ്ഞെങ്കിലും പ്രതിസന്ധിയും തർക്കങ്ങളും കണ്ടത് കോൺഗ്രസിലാണ്.
18 ഇടങ്ങളിലും വിജയിച്ച പാർട്ടിയിൽ രണ്ടിടങ്ങളിലെ തോൽവി വലിയ കലഹത്തിന് വഴിവച്ചു. ആലത്തൂരിൽ രമ്യാ ഹരിദാസ് പരാജയപ്പെട്ടത് സ്വന്തം കയ്യിലിരിപ്പു കൊണ്ടാണെന്ന് പാർട്ടിക്കാർ തന്നെ പറഞ്ഞിരുന്നു. അതിന്റെ വസ്തുതയിലേക്ക് ഏതായാലും നമ്മൾ കടക്കുന്നില്ല. തൃശ്ശൂരിലെ തോൽവിയിലേക്ക് വന്നാൽ അതിന്റെ പാപഭാരം കെ മുരളീധരന്റെ തലയിൽ കെട്ടിവെക്കുന്നത് ഒട്ടും ന്യായമല്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അവിടെ യുഡിഎഫ് പരാജയപ്പെടുമെന്ന ഉത്തമബോധ്യം മുൻ എംപിയായിരുന്ന ടി എൻ പ്രതാപന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് സീറ്റ് വേണ്ടെന്ന് അദ്ദേഹം ആവർത്തിച്ച് പലയിടത്തും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പാർട്ടി മുൻ എംപിമാരോട് മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതാപനും നറുക്കു വീഴുകയായിരുന്നു. ഒടുവിൽ അനിഷ്ടത്തോടെ അദ്ദേഹം മത്സരത്തിന് തയ്യാറായി.
ആ സമയത്താണ് കെ കരുണാകരന്റെ മകൾ പത്മജ ബിജെപി യോടൊപ്പം പോകുന്നത്. ഇതോടെ കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ ആകെ തെറ്റുന്നു. ഏതു വിധേനയും ബിജെപിയെ പരാജയപ്പെടുത്താൻ വേണ്ടി മുരളീധരനെ കളത്തിലിറക്കുന്നു. ആ സമയത്തൊക്കെ സ്വന്തം സീറ്റ് വേണ്ടെന്നുവച്ച ത്യാഗിയുടെ മുഖമായിരുന്നു പ്രതാപന്. അദ്ദേഹം ആ പരിലാളനങ്ങൾ നല്ലോണം മാർക്കറ്റ് ചെയ്യുകയും ചെയ്തു. അപ്പോഴും എല്ലാവരും മുരളീധരന്റെ വിജയത്തിനു വേണ്ടി പ്രതാപൻ രാപ്പകലില്ലാതെ കഷ്ടപ്പെടുമെന്ന് കരുതിയെങ്കിൽ സംഭവിച്ചത് മറ്റൊന്നാണ്.
പ്രാദേശിക തലങ്ങളിൽ യാതൊരു പ്രവർത്തനവും ചിട്ടയായി നടക്കാത്തതായിരുന്നു മണ്ഡലത്തിൽ കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത്. മുൻ എംപി എന്ന നിലയിൽ പ്രതാപന്റെ പല പ്രവർത്തനങ്ങളും പരാജയത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. ഇതിനിടയിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടപാടെ പ്രതാപൻ നടത്തിയ മറ്റൊരു പ്രകടനമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
ആഴക്കടല്‍ മണല്‍ ഖനനം പാടില്ലെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞു നിര്‍ത്തി മുന്‍ കോണ്‍ഗ്രസ് എം.പി. ടി.എന്‍ പ്രതാപന് സമരത്തിന് തങ്ങളുടെ അനുംഗ്രഹം വേണമെന്ന് പറഞ്ഞതും, നമ്മളെല്ലാവരും ഒന്നിച്ചാണ് സമരത്തിലെന്ന് പറഞ്ഞതുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ടി എൻ പ്രതാപൻ എപ്പോഴും അധികാരത്തെ ഇഷ്ടപ്പെടുന്ന നേതാവാണെന്നാണ് പലരും പറയാറുള്ളത്.
കലങ്ങിമറിഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയം വിട്ട് മറ്റെവിടെയെങ്കിലും ചേക്കേറാമെന്ന് വിചാരിക്കുന്ന പ്രതാപനു മുമ്പില്‍ സിപിഎം ആണ് പ്രതീക്ഷയുടെ തുരുത്ത്. ആഴക്കടല്‍ മണല്‍ഖനനത്തിനെതിരേ സംയുക്ത പ്രക്ഷോഭം നടക്കുന്നിടത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് സമരത്തെ കുറിച്ചും, നമ്മളെല്ലാവരും ഒന്നാണെന്നു പറഞ്ഞപ്പോഴും മുഖ്യമന്ത്രിയുടെ കൈ പിടിച്ച് കുലുക്കിയപ്പോഴും ചിരിയും മറുപടിയും മാത്രമാണ് പകരം നല്‍കിയത്. അതു മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദനെയും പ്രതാപന് വിളിച്ച് അനുംഗ്രഹിക്കണണെന്ന് അപേക്ഷിച്ചു.
ഇരുവരും പ്രതാപനെയും സമരത്തെയും അനുഗ്രഹിക്കുകയും ചെയ്താണ് പോയത്. ഇത് വരാനിരിക്കുന്ന രാഷ്ട്രീയത്തിന്റെ മാറ്റം കാണിക്കുന്ന മറ്റൊരു സംഭവവാണ്. തൃശൂർ പരാജയത്തിന് തൊട്ടുപിന്നാലെ ഒരു വാർഡിൽ പോലും പ്രതാപന് സീറ്റ് നൽകരുത് എന്ന നിലയിൽ വ്യാപകമായി ഡിസിസി ഓഫീസ് പരിസരത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘പ്രതാപന് തുടരും പ്രതാപത്തോടെ, നമ്മുട പ്രതാപനെ വിജയിപ്പിക്കുക’ എന്നിങ്ങനെയാണ് കെ മുരളീധരൻ വരുന്നതുവരെ തൃശൂരിലെ കോൺഗ്രസുകാർ മതിലുകളിൽ എഴുതിയിരുന്നത്.
മുരളി വന്നതോടെ പ്രതാപന് കെപിസിസിയിൽ ഉന്നത സ്ഥാനവും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും ഏതാണ്ട് ഉറപ്പാക്കുകയായിരുന്നു. രാഷ്ട്രീയ മാറ്റങ്ങളെ കാലേ കണ്ട് കണക്കുകൂട്ടലുകളും ആയി മുന്നോട്ടുപോകുന്ന നേതാവാണ് പ്രതാപൻ. അതുകൊണ്ടുതന്നെ നിയമസഭാ സീറ്റ് ഏറെക്കുറെ ഉറപ്പാണെന്ന് കരുതുമ്പോഴും സീറ്റിനും അപ്പുറത്തുള്ള വിജയം ഉറപ്പുവരുത്തുവാനുള്ള നീക്കങ്ങളാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നത്.
അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ച പോലും. കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ പേരാണ് പ്രതാപനെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നത്. പാർട്ടിയിലെ പല ചെറുപ്പക്കാരെയും ഇല്ലായ്മ ചെയ്യുവാൻ നേതൃത്വം നൽകിയ സിപിഎമ്മിന്റെ നേതാക്കളുമായി പ്രതാപന് ഈ വിധത്തിൽ ചിരിച്ചും കളിച്ചും ഇടപെടുവാൻ എങ്ങനെ സാധിക്കുന്നുവെന്നാണ് സൈബർ കോൺഗ്രസുകാർ ചോദിക്കുന്നത്.