സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു പ്രാവിൻ കൂട് ഷാപ്പ്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ നിറച്ച ചിത്രം ഇപ്പോഴിതാ ഒടിടിയിൽ എത്തുകയാണ്. തിയറ്ററിൽ മിസ്സായവർക്ക് ഇനി ഒടിടിയിൽ കാണാം. ഏപ്രിൽ 11 മുതൽ സോണി ലൈവിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. പേര് പോലെ തന്നെ ഒരു ഷാപ്പിനെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
മഴയുള്ളൊരു രാത്രി 11 പേർ ഒരു കള്ളുഷാപ്പിൽ കുടിക്കാൻ കേറുന്നു. പിന്നാലെ ഷാപ്പുടമയായ കൊമ്പൻ ബാബുവിനെ ഷാപ്പിന്റെ നടുവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു. ഇവിടെന്നാണ് കഥ ആരംഭിക്കുന്നത്. ബാബു എന്തിന് മരിച്ചു? ആത്മഹത്യയോ കൊലപാതകമോ എന്ന അന്വേഷണമാണ് സിനിമ. അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ അൻവർ റഷീദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചാന്ദിനി ശ്രീധരൻ, ശിവജിത്ത്, ശബരീഷ് വർമ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഷൈജു ഖാലിദാണ് ക്യാമറ. സംഗീതം: വിഷ്ണു വിജയ്, എഡിറ്റിങ്: ഷഫീഖ് മുഹമ്മദ് അലി.