മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധായകനായി എത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി. ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്നാണ് സംവിധായകനായ പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. പാല പശ്ചാത്തലമായ ഒരു കഥയായിരുന്നു ആദ്യം ആലോചിച്ചിരുന്നതെന്നും പ്രണയ നായകനായ അച്ഛൻ കഥാപാത്രമായി മമ്മൂട്ടി ക്യൂട്ട് ആകുമായിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
മമ്മൂട്ടിക്ക് കഥ ഇഷ്ടമായിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ മമ്മൂട്ടിയ്ക്ക് സിനിമ പെട്ടെന്ന് ചെയ്യാനാകുമായിരുന്നില്ല. കോവിഡ് സാഹചര്യത്തില്‍ മോഹൻലാലിനെ പിന്നീട് ചിത്രത്തില്‍ നായകനാക്കുകയായിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ഒരു ഫണ്‍-ഫാമിലി ഡ്രാമ സിനിമയായിരുന്നു ‘ബ്രോ ഡാഡി’.
ശ്രീജിത്ത് എൻ, ബിബിൻ ജോർജ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ‘ബ്രോ ഡാഡി’ സിനിമ ‘ലൂസിഫറി’ല്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അത്തരം സിനിമ ചെയ്യാൻ പൂര്‍ണമായും മാറിചിന്തിക്കണം. ഒരു റിസ്കാണ് ഇത്. ഞാനത് ചെയ്തു. ലാലേട്ടൻ എന്നില്‍ വിശ്വസിച്ചതിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.