രാജ്യത്ത് കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കർണാടക. ഒരുകാലത്ത് രാജ്യം ഭരിച്ചിരുന്ന പാർട്ടി ഇന്ന് വളരെ കുറച്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് അധികാരത്തിലുള്ളത്. അങ്ങനെ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ശക്തികൊണ്ട് ഏറ്റവും മുൻനിരയിൽ കർണാടക തന്നെയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്തു തരിപ്പണമാക്കിയായിരുന്നു കോൺഗ്രസ് അധികാരത്തിലെത്തിയത്. ഭൂരിഭാഗം സീറ്റുകളിലും ഉയർന്ന ഭൂരിപക്ഷം നേടിയായിരുന്നു കോൺഗ്രസിന്റെ ആധികാരിക വിജയം. പിന്നീടങ്ങോട്ട് ബിജെപി സംസ്ഥാന ഭരണത്തിന് ഒട്ടേറെ വെല്ലുവിളികൾ നിരത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.
കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം എന്ന എതിർപ്പ് മാത്രമല്ല ബിജെപിക്ക് കർണാടകയോട് ഉള്ളത്. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള ആളാണ്. അത്തരത്തിലുള്ള എതിർപ്പുകളും കർണാടകയോട് ബിജെപിക്ക് ഉണ്ട്. അതുകൊണ്ടുതന്നെ സർക്കാരുമായി യുദ്ധം ചെയ്യുവാൻ കരുത്തുള്ള ഒരു ബിജെപി നേതാവിനെ കർണാടകയിലേക്ക് അയക്കുവാൻ ആണ് ബിജെപി ഒരുങ്ങുന്നത്.
അത്തരത്തിൽ ചില പേരുകൾ പരിഗണിക്കുന്നുണ്ടെങ്കിലും മുൻ നിരയിൽ ഉള്ളത് കെ സുരേന്ദ്രന്റെ പേര് തന്നെയാണെന്ന് അറിയുന്നു. അധികം വൈകാതെ തന്നെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറുന്ന സുരേന്ദ്രൻ കർണാടക ഗവർണറായി സ്ഥാനം ഏൽക്കുമെന്ന് അറിയുന്നു. കർണാടക ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിലവിൽ സുരേന്ദ്രന് എതിർപ്പില്ലെന്നും ആണ് അറിയുന്നത്.
കേരളത്തിൽ ആകട്ടെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തുന്നതിനുള്ള സാധ്യതകളും തെളിയുകയാണ്. കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരോട് എതിർപ്പുള്ള ഒരുവിഭാഗം നേതാക്കൾ രാജീവ് ചന്ദ്രശേഖർ വരണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. പുതിയ ഗ്രൂപ്പ് രൂപീകരണത്തിലേക്കാണ് ഇപ്പോഴത്തെ പോക്കെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായാണ് രാജീവ് ചന്ദ്രശേഖർ കേരളത്തിലെത്തിയത്.
തോൽവിയേറ്റുവാങ്ങിയതോടെ അദ്ദേഹം കേരളം വിടുമെന്നാണ് സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചത്. എന്നാൽ കേരളത്തിലെ നേതാക്കളുടെ ഭിന്നത മനസിലാക്കിയ രാജീവ് ചന്ദ്രശേഖർ ഇവിടെ തുടർന്ന് പാർടിയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് എതിർപക്ഷക്കാർ പറയുന്നു. എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്ന ആള് സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസും ഉള്ളത്.
പുതിയ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നല്കുന്ന പരിഗണന. കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, കേരളംപോലെ സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ച് അതിലൂടെ പാര്‍ട്ടിക്ക് വരുന്ന സ്വീകാര്യത ഗുണകരമാകുമെന്നാണ് കരുതുന്നത്.
ഇതിനിടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്റെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന് വലിയ താല്‍പ്പര്യമുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ജനപ്രീതിയില്‍ മുന്നിലുള്ള ബിജെപി നേതാവാണ് ശോഭ. മത്സരിച്ചിടത്തെല്ലാം വോട്ടുവര്‍ധിപ്പിച്ച വ്യക്തിത്വം. കേന്ദ്രമന്ത്രി അമിത്ഷായുമായി അടക്കം ശോഭ കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. എന്നാൽ കേരളത്തിലെ നേതാക്കൾക്ക് ശോഭയോട് അത്ര താല്പര്യം ഇല്ല. എം ടി രമേശിന്റെ പേരും സജീവ പരിഗണനയിൽ തന്നെയുണ്ട്. ഏതായാലും സുരേന്ദ്രൻ കർണാടകയിലേക്ക് ഗവർണറായി വണ്ടി കയറിയാൽ രാഷ്ട്രീയ കേരളത്തിൽ അദ്ദേഹത്തിന്റെ ശൂന്യത വളരെ വലുതായിരിക്കും.