തികഞ്ഞ അഭിമാനബോധത്തോടെ സുനിത വില്യംസും, ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തി. ഇരുവരെയും ആവേശപൂർവ്വമാണ് ലോകം സ്വീകരിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്ളോറിഡന് തീരത്തിന് സമീപം മെക്സിക്കന്‍ ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്തത്. ഏറെ അനിശ്ചിതത്വം നിറഞ്ഞ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് പരിസമാപ്തി കുറിച്ച നിമിഷം. തങ്ങളെ വീക്ഷിക്കുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സുനിതയും വില്‍മോറും പേടകത്തിൽ നിന്നും പുറത്തിറങ്ങിയത്. ഇവരെ സ്ട്രെച്ചറില്‍ വൈദ്യപരിശോധനയ്ക്ക് മാറ്റി. സുനിതയെയും വില്‍മോറിനെയും കൂടാതെ നിക്ക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും പേടകത്തിലുണ്ടായിരുന്നു. യാത്രക്കാരില്‍ ആദ്യം പുറത്തെത്തിയത് നിക്ക് ഹേഗാണ്. സുനിത മൂന്നാമതായി ഇറങ്ങി. ആദ്യം പേടകത്തിലെ നാല് പേരെയും കപ്പലിലേക്ക് മാറ്റി. സ്ട്രക്ചറിലാണ് ഇവരെ മാറ്റിയത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായി എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണിൽ ഭൂമിയിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപതു മാസത്തിലധികമായി അവിടെ തുടരുകയായിരുന്നു. സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം ഇരുവർക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു. ഒടുവില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് ഇവരുടെ മടങ്ങിവരവ് നാസ സാധ്യമാക്കിയത്. ഒരാഴ്ചത്തേക്കു പോയ ദൗത്യം 287 ദിവസം നീണ്ടപ്പോഴും സുനിതയും ഒപ്പമുള്ളവരും പതറിയില്ല. ബഹിരാകാശ സഞ്ചാരിയാണെങ്കിലും സുനിത വില്യംസ് യഥാർഥത്തിൽ ഒരു സൈനികയാണ്. യുഎസ് നേവൽ അക്കാദമിയിൽ വാർത്തെടുക്കപ്പെട്ട ഒരു സൈനിക. പതറാത്ത മനസ്സ് അവർ സ്വായത്തമാക്കിയത് നാവികപരിശീലനത്തിലൂടെയാണ്. 1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകൾ. 1983ൽ യുഎസിലെ നീധാം ഹൈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ സുനിത 1987ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്നാണ് ബിരുദം നേടിയത്. ഫിസിക്കൽ സയൻസസിലായിരുന്നു ഇത്. 1995ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
1987 മുതൽ തന്നെ യുഎസ് നേവിയിൽ സുനിത പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1989ൽ നേവൽ ഏവിയേറ്റർ എന്ന സ്ഥാനത്തെത്തി. ധാരാളം സൈനിക ദൗത്യങ്ങളിൽ സുനിത വില്യംസ് പങ്കെടുത്തിട്ടുണ്ട്. മെഡിറ്ററേനിയൻ, ചെങ്കടൽ, പേർഷ്യൻ ഗൾഫ് മേഖലകളിൽ യുഎസ് നേവിയുടെ ഡിപ്ലോയ്മെന്റുകൾക്കൊപ്പം സുനിതയുമെത്തിയിരുന്നു. 1992ൽ ആൻഡ്രൂ ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മയാമിയിലേക്ക് അയച്ച സൈനികവ്യൂഹത്തിന്റെ ഓഫിസർ ഇൻ ചാർജും സുനിതയായിരുന്നു. 1998 ൽ ആണു നാസയുടെ ബഹിരാകാശയാത്രയ്ക്കു തെരഞ്ഞെടുക്കപ്പെട്ടത്. കൂടുതൽ നേരം ബഹിരാകാശത്തു നടന്നരണ്ടാമത്തെ വനിതയാണ്. നാസയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സുനിത മൂവായിരത്തിലേറെ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ടായിരുന്നു. നാസയിലെ ജോൺസൺ സ്പേസ് സെന്ററിലായിരുന്നു സുനിതയുടെ പരിശീലനം. ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത. രാജ്യം അവർക്ക് പദ്മഭൂഷൺ ബഹുമതി സമ്മാനിച്ചിട്ടുണ്ട്. അതേസമയം, ഭൂമിയില്‍ മടങ്ങിയെത്തിയാലും സുനിതയെയും ബുച്ച് വില്‍മോറിനെയും ദീര്‍ഘനാള്‍ ആരോഗ്യപ്രശ്നങ്ങള്‍ പിന്തുടരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബഹിരാകാശത്തെ അന്തരീക്ഷം ഭൂമിയേക്കാള്‍ വിഭിന്നമാണ്. അവര്‍ റേഡിയഷന്‍, ഗുരുത്വാകര്‍ഷണം, കാന്തിക മേഖലയുടെ ശക്തി, വൈകാരിക ബുദ്ധിമുട്ടുകള്‍ എന്നിവ ഇവര്‍ക്ക് അനുഭവപ്പെടും. ബഹിരാകാശത്ത് കഴിഞ്ഞവര്‍ തിരിച്ച് ഭൂമിയിലെത്തുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുമെന്നും പേശികള്‍ക്ക് ബലക്ഷയമുണ്ടാകുമെന്നും നാസ കണ്ടെത്തിയിട്ടുണ്ട്. വ്യായാമത്തിലൂടെയും മെച്ചപ്പെട്ട പുനരധിവാസത്തിലൂടെയും മാത്രമെ ഇത് തിരിച്ച് നേടിയെടുക്കാന്‍ കഴിയുള്ളൂവെന്ന് അവര്‍ പറഞ്ഞു. ബഹിരാകാശത്ത് വെച്ച് അസ്ഥി കലകള്‍ സ്വയം പുനസൃഷ്ടിക്കപ്പെടുകയും പുതിയ കോശങ്ങള്‍ സാവധാനത്തില്‍ ഉത്പാദിപ്പിക്കയുമാണ് ചെയ്യുക. അതേസമയം, പഴയ കോശങ്ങളും കലകളും അതേ വേഗതയില്‍ നശിക്കുകയും ചെയ്യുന്നു. ബഹിരാകാശ യാത്രികര്‍ക്ക് അവരുടെ ആരോഗ്യകരമായ ശരീരഭാരം നിയന്ത്രണത്തിലാക്കുകയെന്ന് അല്പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ബഹിരാകാശ ദൗത്യങ്ങളില്‍ ഭാഗമാകുമ്പോള്‍ യാത്രികര്‍ ഏറ്റവും ആരോഗ്യപ്രദമായ മാര്‍ഗങ്ങളാണ് തിരഞ്ഞെടുക്കുക. കൂടാതെ അവരുടെ ആരോഗ്യം നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. ബഹിരാകാശ റേഡിയേഷന് തുടര്‍ച്ചയായി വിധേയമാകുന്നത് മൂലം കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ബഹികാരാശ റേഡിയേഷന് പുറമെ സോളാര്‍ റേഡിയേഷന് ഡിഎന്‍എ നശിപ്പിക്കാനും കാന്‍സറുണ്ടാക്കാനും കഴിയും. ശ്വേതരക്താണുക്കളുടെ എണ്ണത്തിലും കുറവ് സംഭവിക്കും. റേഡിയേഷന് മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. അതായത് അപകട സാധ്യതകളേറെയുള്ള ജോലിയാണ് ഇവരുടേത്. സ്വന്തം ജീവൻ പോലും പണയം വെച്ചിട്ടുള്ള ഇവരുടെ ജോലിയുടെ ശമ്പളം തിരയുന്നവരും ഏറെയാണ്. യു എസ് ഗവർൺമെന്റിന്റെ ശമ്പള സ്കെയിൽ അടിസ്ഥാനമാക്കിയാണ് ബഹിരാകാശ യാത്രികർക്ക് ശമ്പളം നൽകുന്നത്. ജി എസ് – 13 മുതൽ ജി എസ് 15 വരെയാണ് വരുന്നത്. വളരെ അനുഭവ സമ്പത്തുള്ള ബഹിരാകാശ യാത്രികർ സാധാരണയായി ജി എസ് 15 വിഭാഗത്തിലാണ് വരിക എന്നാണ് റിപ്പോർട്ട്. നാസയുടെ റിപ്പോർട്ടുകൾ പ്രകാരം സുനിത വില്യംസിന്റെ വാർഷിക വരുമാനം 1. 26 കോടി രൂപയാണ്. ശമ്പളത്തിന് പുറമെ നാസ ബഹിരാകാശ യാത്രികർക്ക് സമഗ്രമായ ആരോഗ്യ ഇൻഷൂറൻസും, ബഹിരാകാശ യാത്രികർക്കും, കുടുംബത്തിനും മാനസിക പിന്തുണ, ജോലി സംബന്ധമായ അസൈൻമെന്റുകൾക്കുള്ള യാത്രാ അലവൻസ് എന്നിവ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.