ഉത്തർപ്രദേശ് : മീററ്റിൽ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി . ഭാര്യ മുസ്കാനും കാമുകന് സാഹിലും ചേര്‍ന്നാണ് സൗരഭ് രജ്പുത് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. കൊലപാതക്കത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഒരു പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ ഇട്ട് സിമന്റ് നിറയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രണയിച്ച് വിവാഹിതരായ മുസ്ക്കാനും സൗരഭും മൂന്ന് വര്‍ഷമായി അവരുടെ അഞ്ച് വയസ്സുള്ള മകളോടൊപ്പം ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ മുസ്കന്റെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു സൗരഭ്. സൗരഭിനെ അവസാനമായി പുറത്തു കണ്ടത് മാര്‍ച്ച് 4 നാണ്.
ഇതേ ദിവസം തന്നെയാണ് അയാള്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ മയക്കമരുന്ന് കലർത്തി നൽകി ബോധരഹിതനാക്കി കാമുകൻ സാഹിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇവർ അരുംകൊല നടത്തിയത്. ഇതിനു ശേഷം മുസ്കാൻ കാമുകനൊപ്പം ഷിംലയിലേക്ക് കടന്നു കളഞ്ഞു .ഭര്‍ത്താവിനൊപ്പം ഹിമാചല്‍ പ്രദേശിലേക്ക് ഒരു യാത്ര പോകുകയാണെന്നാണ് അയല്‍ക്കാരോട് പറഞ്ഞത്. ഈ കാലയളവില്‍, സംശയം തോന്നാതിരിക്കാന്‍ സൗരഭിന്റെ ഫോണില്‍ നിന്ന് കുടുംബത്തിന് സന്ദേശങ്ങളും മുസ്ക്കൻ അയച്ചു. ചൊവ്വാഴ്ച, മുസ്കാൻ സംഭവത്തെക്കുറിച്ച് അമ്മയെ അറിയിച്ചു. അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെയാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്.