എന്തെങ്കിലും വിഷയം ഉയർത്തിക്കാട്ടി ജാഥകളും യാത്രകളും രാഷ്ട്രീയപാർട്ടികൾ നടത്തുന്നത് നമ്മുടെ കേരളത്തിൽ നിരന്തരം നടക്കുന്ന ഒന്നുതന്നെയാണ്. എന്നാൽ കാലക്രമേണ രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള മത്സരങ്ങളേക്കാൾ വലിയ മത്സരമാണ് മുൻനിര വാർത്താചാനലുകൾ തമ്മിൽ നടത്തുന്നത്. ചെറിയ മത്സരം ഒന്നുമല്ല. പൊരിഞ്ഞ പോരാട്ടമാണ് വാർത്താചാനലുകൾ പരസ്പരം നടത്തുന്നത്. ചാനലുകളുടെ തലതൊട്ടപ്പൻ സ്ഥാനം ഇടയ്ക്ക് എപ്പോഴോ കൈമോശം വന്നെങ്കിലും വിട്ടുകൊടുക്കുവാൻ ഏഷ്യാനെറ്റ് തയ്യാറായിട്ടില്ല. ബാർക്ക് റേറ്റിങ്ങുകൾ പുറത്തുവരുമ്പോൾ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് തന്നെയാണ്. ഒന്നാം സ്ഥാനത്തെ വെല്ലുവിളിച്ച് ഒരുതവണ മാത്രമാണ് റിപ്പോർട്ടർ ടിവി ഒന്നാമത് എത്തിയത്.
എന്നാൽ ഇപ്പോൾ കുറെ ആഴ്ചകളായി ഏഷ്യാനെറ്റ് തന്നെ മേധാവിത്വം തുടരുകയാണ്. ഇപ്പോൾ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ആ പോരാട്ടം നടത്തുന്നതാകട്ടെ റിപ്പോർട്ടർ ചാനലും 24 ചാനലും തമ്മിലുമാണ്. പരസ്പരം അവരുടെ മത്സരം വലിയ വൈര്യമായി മാറിയിരിക്കുന്നു. വയനാട് ദുരന്തം ഉണ്ടായ ശേഷം വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി റിപ്പോർട്ടർ ചാനൽ ഒരു യാത്ര നടത്തിയിരുന്നു. ചാനലിലെ മുൻനിരയിലുള്ള മാധ്യമപ്രവർത്തകർ സംസ്ഥാനത്തൊട്ടാകെ വയനാടിന് വേണ്ടി സഞ്ചരിച്ചു. ആ പരിപാടിക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതോടെ പകൽ നേരത്തെ റേറ്റിംഗ് റിപ്പോർട്ടർ തന്നെ പിടിച്ചെടുത്തു. അത്തരത്തിലുള്ള ഒട്ടേറെ പരിപാടികൾ തുടരെത്തുടരെ വന്നതോടെ 24നെ തള്ളി റിപ്പോർട്ടർ രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. 24 ചാനലിലെ ചില പടല പിണക്കങ്ങളും തർക്കങ്ങളും ചാനലിന്റെ പ്രവർത്തനത്തെ തന്നെ ബാധിച്ചിരുന്നു. ഇതോടെ റേറ്റിങ്ങിൽ കൂപ്പുകുത്തുകയായിരുന്നു. പിന്നീട് സംസ്ഥാനത്ത് ലഹരി ഉപയോഗിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ വളർന്നു വന്നപ്പോൾ അതൊരു ക്യാമ്പയിനായി ഉയർത്തിക്കാട്ടി റിപ്പോർട്ടർ ചാനൽ വീണ്ടും രംഗത്തെത്തി.
ഇതിന് പിന്നലെയാണ് ഇപ്പോൾ 24 ചാനൽ ലഹരി ഉപയോഗത്തിനെതിരെ തന്നെ ക്യാമ്പയിനുമായി മുന്നോട്ടുവരുന്നത്. 24 ചാനലിന്റെ മുഖമുദ്ര തന്നെ ശ്രീകണ്ഠൻ നായരാണ്. അദ്ദേഹത്തെ ഉയർത്തിക്കാട്ടി മാത്രമാണ് ചാനൽ പ്രവർത്തിക്കുന്നത് തന്നെ. മാധ്യമപ്രവർത്തനം ആരംഭിച്ച 40 വർഷങ്ങൾ പൂർത്തീകരിക്കുന്ന നിലയിൽ കൂടി SKN 40 എന്ന പേരിലാണ് തിരുവനന്തപുരത്തുനിന്ന് ലഹരിക്കെതിരെ 24 യാത്ര ആരംഭിച്ചിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുവിടങ്ങളും സന്ദർശിച്ചുകൊണ്ട് ആശയപ്രചരണം നടത്തി കൊണ്ടാണ് യാത്ര മുന്നോട്ട് പോകുന്നത്. യാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് കൊല്ലം പിന്നിടുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ മറ്റൊരു ചർച്ച കൂടി നടക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീകണ്ഠൻ നായർ ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാർത്ഥി ആയേക്കും എന്നാണ് പറയപ്പെടുന്നത്. ഇടത് ആശയങ്ങളോട് യോജിപ്പുള്ള അദ്ദേഹം ഇടതു സ്ഥാനാർത്ഥിയായി തന്നെ രംഗത്തെത്തുമെന്നും പറയപ്പെടുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും രാഷ്ട്രീയത്തോട് അത്രകണ്ട് താല്പര്യമില്ലാത്ത ജനത ഏറെയുള്ള സംസ്ഥാനത്ത് സ്വതന്ത്ര മുഖങ്ങളെ സ്ഥാനാർത്ഥിയാക്കുവാനും പാർട്ടികളും മുന്നണികളും ആലോചിക്കുന്നുണ്ട്. ആ കൂട്ടത്തിൽ ഇടതുപക്ഷം പരിഗണിക്കുന്ന പ്രധാനപ്പെട്ട ഒരാളാണ് ശ്രീകണ്ഠൻ നായരെന്ന് അറിയുന്നു. പൊതുവേ എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ മാധ്യമപ്രവർത്തകനാണ് ശ്രീകണ്ഠൻ നായർ. കാര്യങ്ങളെ വസ്തുതാപരമായി വിശകലനങ്ങളോടെയും കൃത്യമായി അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ സവിശേഷതയാണ്. 24 ചാനലിന്റെ നെടുംതൂൺ തന്നെ അദ്ദേഹമാണ്. അദ്ദേഹം നടത്തുന്ന എല്ലാ ദിവസം രാവിലെയും ഉള്ള മോണിംഗ് ഷോയ്ക്ക് ഒട്ടേറെ പ്രേക്ഷകർ ആണുള്ളത്. തെക്കൻ കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ശ്രീകണ്ഠൻ നായർ ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ശ്രീകണ്ഠൻ നായർക്ക് പുറമെ മാധ്യമ മേഖലയിൽ നിന്നും മറ്റുചിലരും സ്ഥാനാർത്ഥികൾ ആകുമെന്ന് പറയപ്പെടുന്നു. ആ കൂട്ടത്തിൽ മുൻനിരയിൽ ബിജെപി പരിഗണിക്കുന്ന ഒരാളാണ് പ്രമുഖ മാധ്യമപ്രവർത്തക സുജയ്യ പാർവതി.
24ന്റെ സ്ക്രീനിലൂടെയാണ് സുജയ എല്ലാവർക്കും സ്വീകാര്യയാകുന്നത്.സംഘ്പരിവാര് തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ വേദിയില് സ്ഥാപനത്തിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് അവർക്ക് 24 വിടേണ്ടി വരുന്നത്. നിലവിൽ റിപ്പോർട്ടർ ചാനലിന്റെ ഫ്ലോറിൽ ഇരുന്നു ബിജെപി രാഷ്ട്രീയം പറയുന്ന സുജയയ്ക്ക് അവരുടെ പ്രവർത്തകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. അത് ഗുണമാകുമെന്ന് ബിജെപി കേന്ദ്രങ്ങൾ കരുതുന്നു. സുജയ പാർവതിക്ക് പുറമെ വരുന്ന തെരഞ്ഞെടുപ്പിൽ റിപ്പോർട്ടറിലെ തന്നെ അരുൺകുമാറും മനോരമയിലെ നിഷാ പുരുഷോത്തമനും ഒക്കെ സ്ഥാനാർത്ഥിയാകുമെ ന്ന് പറയപ്പെടുകയും ചെയ്യുന്നുണ്ട്. സിപിഎം അരുൺകുമാറിനെയും കോൺഗ്രസ് നിഷയെയും പരിഗണിക്കുന്നുണ്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പൊതുവേ നടക്കുന്ന ചർച്ച. ഇതുവരെയും ഇവരാരും ഈ ചർച്ചകളിൽ പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.