തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. മുഴുവന്‍ സംഘടനകളുമായും ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎന്‍ടിയുസി നേതാക്കളെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. ഓണറേറിയം കൂട്ടുന്നത് അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ആശാമാരുടെ നിലപാട്.
രാപ്പകല്‍ സമരം 52 ദിവസവും നിരാഹാരസമരം രണ്ടാഴ്ച്ചയും പിന്നിടുമ്പോള്‍ ആശമാരെ മൂന്നാം വട്ട ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോര്‍ജ് ആശമാരുമായി വീണ്ടും ചര്‍ച്ച നടത്തുന്നത്. നേരത്തെ രണ്ട് വട്ടം സമരക്കാരുമായി മന്ത്രി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. എന്‍എച്ച്എം ഡയറക്ടറുമായും രണ്ട് തവണ ചര്‍ച്ച നടന്നിരുന്നു. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും സമരക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്നുമായിരുന്നു നാല് ചര്‍ച്ചകളിലും സര്‍ക്കാര്‍ നിലപാട്. നാളത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വഴങ്ങുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. ഹോണറേറിയം കൂട്ടുന്നതിലും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്നതിലും അടക്കം സമരക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.
കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും ഓണറേറിയം കൂട്ടുന്നതില്‍ വീണ ജോര്‍ജ്ജ് ഒന്നും പറഞ്ഞിരുന്നില്ല. കേന്ദ്രം ഇന്‍സെന്റീവ് കൂട്ടിയാല്‍, ആനുപാതികമായി കേരളത്തിന്റെ വിഹിതവും കൂട്ടുമെന്ന പഴയ നിലപാടാണ് മന്ത്രി ആവര്‍ത്തിച്ചത്. മറ്റ് ട്രേഡ് യൂണിയനുകള്‍ കൂടി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നതും ചര്‍ച്ചയില്‍ പ്രധാനമാണ്.