കല്പറ്റ: പൊലീസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സംഭവ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎസ്ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണു നടപടി. കസ്റ്റഡിയില്‍ എടുത്ത യുവാവിന്റ കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവ് ഉണ്ടായി എന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ശുചിമുറിയിലേക്കു പോയ ഗോകുലിനെ കൃത്യമായി നിരീക്ഷിക്കുന്നതില്‍ പൊലീസുകാര്‍ക്ക് വീഴ്ച ഉണ്ടായെന്നാണു കണ്ടെത്തല്‍. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കൊപ്പം ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയില്‍ ഗോകുലിന് ശാരീരികമോ മാനസ്സികമോ ആയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ജാഗ്രതക്കുറവ് എന്നതുമാത്രമാണ് നിലവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ടെത്തിയിരിക്കുന്ന വീഴ്ച. ഉത്തര മേഖല റേഞ്ച് ഐജിയുടെ നിര്‍ദേശാനുസരണമാണ് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിച്ചരിക്കുന്നത്.