ചെന്നൈ: രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്പാലമായ രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. തുടര്‍ന്നു രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു. ട്രെയിന്‍ കടന്നുപോയതിനുശേഷം പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പല്‍ അടിയിലൂടെ കടത്തിവിടും
രാമേശ്വരത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 110 വര്‍ഷം പഴക്കമുള്ള പാലത്തെയാണ് പുനര്‍നിര്‍മിച്ചത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. 1910ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മാണം തുടങ്ങിയ പഴയ പാമ്പന്‍ പാലം 1914ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1964ലെ ചുഴലിക്കാറ്റില്‍ പാമ്പന്‍-ധനുഷ്കോടി പാസഞ്ചര്‍ ഒഴുകിപ്പോയ അപകടത്തില്‍ 126 പേര് കൊല്ലപ്പെടുകയും പാലം ഏതാണ്ട് പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മെട്രോമാന് ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ രണ്ടു മാസത്തിനുള്ളിലാണ് പാലം പുനര്‍നിര്‍മിച്ചത്. കാലപ്പഴക്കത്തെത്തുടര്‍ന്ന് 2002 ഡിസംബറില്‍ പാലം ഡീകമ്മിഷന്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിക്കാന്‍ ആരംഭിച്ചത്.
പഴയ പാലത്തില്‍ ലിഫ്റ്റ് സ്പാന്‍ രണ്ടായി വേര്‍പെടുത്തി ഇരുവശത്തേക്കും ഉയര്‍ത്തുകയാണ് ചെയ്തിരുന്നതെങ്കില്‍ ലിഫ്റ്റ് സ്പാന്‍ ലംബമായി ഉയര്‍ത്തുന്ന സംവിധാനമാണ് പുതിയ പാലത്തിലുള്ളത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണിത്. 72.5 മീറ്റര്‍ നീളമുള്ള ലിഫ്റ്റ് സ്പാന്‍ 5 മിനിറ്റു കൊണ്ട് ഉയര്‍ത്താനാകും. ശ്രീലങ്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഹെലികോപ്റ്ററിലാണ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി രാമേശ്വരത്തെത്തിയത്.